gg

കോലഞ്ചേരി: ഒരു കാലത്ത് ജില്ലയിലെ തന്നെ മികച്ച ആശുപത്രികളിൽ ഒന്നായിരുന്ന പ്രധാന സർക്കാർ ആശുപത്രികളിലൊന്നായ കടയിരുപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം താളം തെറ്റുന്നു. കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് ബ്ളോക്കിന് കീഴിൽ ഐക്കരനാട് പഞ്ചായത്തിലാണ് ആശുപത്രി. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതാണ് ആശുപത്രിയുടെ നല്ല പേര് കളയുംവിധത്തിലാക്കുന്നത്. ഏഴ് പതിറ്റാണ്ടിന്റെ പാരമ്പര്യവും പേറി 2023-24 ലെ മികച്ച ആശുപത്രിക്കുള്ള സംസ്ഥാന സർക്കാരിന്റെ കായകൽപ് അവാർഡ് വരെ നേടിയ ആശുപത്രിക്കാണ് ദുർഗതി.

കുന്നത്തു നാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് രോഗികളാണ് ഇവിടെയെത്തുന്നത്. കൊവിഡ്, ചിക്കൻഗുനിയ രോഗങ്ങൾക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയതാണ്. അത്തരമൊരു ആശുപത്രിയോടാണ് അവഗണന.

ജനത്തെ വലച്ച്

ഡോക്ടർമാരുടെ കുറവ്

നിലവിൽ അഞ്ച് ഡോക്ടർമാരാണ് ഇവിടെയുള്ളത്. ഇതിൽ ഒരാളെ ബ്ലോക്ക് പഞ്ചായത്തും മ​റ്റൊരാളെ എൻ.എച്ച്.എമ്മും നിയമിക്കുന്നതാണ്. എന്നാൽ,​ ഈ ഡോക്ടർമാർ മിക്ക ദിവസങ്ങളിലും ആശുപത്രിയിൽ എത്താത്തതാണ് രോഗികളെ വലയ്ക്കുന്നത്. ബുധനാഴ്ചകളിൽ കുത്തിവെയ്പ്പുകളും പാലിയേ​റ്റീവ് രോഗികൾക്ക് മരുന്ന് വിതരണവും നടക്കുന്നുണ്ട്. വ്യാഴാഴ്ചകളിലാണ് എൻ.സി.ഡി ക്ലിനിക്ക് പ്രവർത്തിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ 2 ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇതോടെ മരുന്ന് വാങ്ങാനെത്തുന്ന പാലിയേ​റ്റീവ് രോഗികളും കൂട്ടിരിപ്പുകാരും ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. ദിവസങ്ങളായി ഈ വിഭാഗം രോഗികളുടെ മരുന്ന് വിതരണവും നിലച്ച മട്ടാണ്.

 6 നഴ്‌സുമാരും പാരാമെഡിക്കൽ സ്​റ്റാഫും ഉണ്ടെങ്കിലും നാളുകളായി ഇവിടെ കിടത്തി ചികിത്സയില്ല.

20 ബെഡുകളും രോഗികളെ കിടത്തി ചികിത്സിക്കാനുളള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.

മികച്ച സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിൽ 2010 ൽ സി.വി.ജെ ഫൗണ്ടേഷനാണ് ആശുപത്രിയുടെ പ്രധാന മന്ദിരം നിർമിച്ച് നൽകിയത്.

ഏറെക്കാലമായി ഇവിടുത്തെ പോസ്റ്റ്മോർട്ടം സൗകര്യവും നിർത്തലാക്കി. പോസ്​റ്റ് മോർട്ടം കേസുകൾ മൂവാ​റ്റുപുഴ, പെരുമ്പാവൂർ, കളമശ്ശേരി അടക്കമുള്ള ആശുപത്രികളിലേയ്ക്കാണ് കൊണ്ടുപോകുന്നത്.

പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് ഡി.എം.ഒ ഉൾപ്പടെ ഉള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലാതെ നീളുകയാണ്. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

വി.എം. ജോർജ്,

പ്രസിഡന്റ്,

കോൺഗ്രസ് ഐക്കരനാട് മണ്ഡലം.