
കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ കന്നി 20 പെരുന്നാളിന് തുടക്കമായി. വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടിയേറ്റി. പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ 340-ാമത് ഓർമ്മപ്പെരുന്നാളാണ് ഇത്തവണത്തേത്. പത്ത് ദിവസത്തെ പെരുന്നാളാഘോഷം ഒക്ടോബർ നാലിന് സമാപിക്കും. ഒക്ടോബർ 2, 3 തീയതികളിലാണ് പ്രധാന ചടങ്ങുകൾ. കൊടിയേറ്റൽ ചടങ്ങിൽ അനേകം വിശ്വാസികൾ പങ്കുകൊണ്ടു.
ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ.എൽദോസ് ചെങ്ങമനാട്ട്, ഫാ.അമൽ കുഴികണ്ടത്തിൽ, ഫാ.നിയോൺ പൗലോസ്, ഫാ. സിച്ചുരാജു, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ.ജോസഫ്, എബി ചേലാട്ട് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എം.എൽ.എ.മാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവരും മുൻ മന്ത്രി ടി.യു.കുരുവിളയും മറ്റ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചടങ്ങിനെത്തിയിരുന്നു. കൊടിയേറ്റിന് ശേഷം കരിങ്ങാച്ചിറ പള്ളിയിൽ നിന്നും കൊണ്ടുവന്ന തമുക്ക് നേർച്ച വിതരണം നടത്തി.
പെരുന്നാളിന്റെ രണ്ടാം ദിവസമായ ഇന്ന് കൽക്കുരിശ് പെരുന്നാളാണ്. രാവിലെ 7.15 ന് വി.അഞ്ചിൻമേൽ കുർബാന ഉണ്ടായിരിക്കും. ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും.
രണ്ട്, മൂന്ന് തീയതികളിലെ പ്രധാന ചടങ്ങുകൾക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ മുഖ്യകാർമ്മികത്വം വഹിക്കും. പള്ളിയിലെ വൈദ്യുതി ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം നാളെ നടത്തും.