
പറവൂർ: സംസ്ഥാനത്ത് കായിക നയം രൂപീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കായിക മേഖലയ്ക്ക് 2,500 കോടി രൂപയാണ് ചെലവഴിച്ചതെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ജില്ലയിൽ 125 കോടിയുടെ അടിസ്ഥാന സൗകര്യം വികസനം നടന്നു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിർമ്മിക്കും. പത്ത് കോടി രൂപ ചെലവിൽ നവീകരിക്കുന്ന മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അത്ലറ്റിക്സ് മത്സരങ്ങൾ നടത്താൻ വെടിമറയിലുള്ള മൈതാനത്ത് സിന്തറ്റിക് ട്രാക്ക് ഒരുക്കുമെന്നും ഡി.പി.ആർ ഉൾപ്പെടെ എത്രയും വേഗം തയാറാക്കി തിരഞ്ഞെടുപ്പിന് മുമ്പ് ഭരണാനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്നും യോഗത്തിൽ അദ്ധ്യക്ഷനായ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ക്രിക്കറ്റ്, ഫുട്ബാൾ എന്നിവയ്ക്കു പ്രാധാന്യം നൽകിയാണ് മുനിസിപ്പൽ സ്റ്റേഡിയം നവീകരണം. ഇവിടെ സിന്തറ്റിക് ട്രാക്ക് നിർമിച്ചാൽ ക്രിക്കറ്റ്, ഫുട്ബോൾ ഗ്രൗണ്ടുകൾ ചെറുതാകുകയും ഉന്നത നിലവാരമുള്ള മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യും. അതിനാലാണ് മറ്റൊരു സ്ഥലത്ത് ട്രാക്ക് നിർമ്മിക്കാൻ തീരുമാനിച്ചത്. നാല് വിദ്യാലയങ്ങളിൽ ഇൻഡോർ വോളിബാൾ കോർട്ട് എം.എൽ.എയുടെ ആസ്തിവികസന സ്കീമിൽ നിർമ്മിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിനുള്ള പദ്ധതി സമർപ്പിച്ചാൽ പരിഗണിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, വൈസ് ചെയർമാൻ എം.ജെ. രാജു, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ അനിൽകുമാർ, വനജ ശശികുമാർ, ശ്യാമള ഗോവിന്ദൻ, ടി.വി. നിധിൻ, കെ.ജി. ഷൈൻ, സജി നമ്പിയത്ത്, അനു വട്ടത്തറ, ഡി. രാജ്കുമാർ, പി.ബി. കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.