p-rajeev

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിൽ ഈ സാമ്പത്തിക വർഷം സിയാൽ നടപ്പാക്കുന്നത് 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വിമാനത്താവളത്തിന്റെ തെക്ക്-വടക്ക് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉദ്ദേശിച്ച് സിയാൽ ആസൂത്രണം ചെയ്തിട്ടുള്ള എയർപോർട്ട് റിംഗ് റോഡ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റിംഗ് റോഡിന്റെ ആദ്യഘട്ടമായ ഗേറ്റ് 6 മുതൽ കല്ലുംകൂട്ടം വരെയുള്ള റോഡാണ് തുറന്നുകൊടുത്തത്.

1.6 കോടി രൂപയാണ് ചെലവ്. വിമാനത്താവളത്തെയും പരിസര പ്രദേശത്തെയും വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തെക്ക്-വടക്ക് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റിംഗ് റോഡ് നിർമിക്കുന്നത്. റൺവേയുടെ തെക്ക് വശത്തുള്ള ഡൈവേർഷൻ കനാലിന്റെ കരയിലൂടെയാണ് റിംഗ് റോഡിന്റെ ആദ്യഘട്ടം പണി കഴിപ്പിച്ചിട്ടുള്ളത്. റെയിൽവെ സ്റ്റേഷൻ, മെട്രോ കണക്ടിവിറ്റി, ജലമെട്രോ എന്നിവ യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച കണക്റ്റിവിറ്റിയുള്ള വിമാനത്താവളമായി സിയാൽ മാറും. കുണ്ടന്നൂർ - അങ്കമാലി ബൈപ്പാസിനെ വിമാനത്താവളത്തിലേക്ക് ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു, വാർഡ് അംഗങ്ങളായ വി.എസ്. വർഗീസ്, ചന്ദ്രമതി രാജൻ എന്നിവർ പങ്കെടുത്തു.