പെരുമ്പാവൂർ:​ അനർഹമായി കൈപ്പറ്റിയ വാർദ്ധക്യകാല പെൻഷൻ പലിശ സഹിതം തിരിച്ചടയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശം. മാനദണ്ഡങ്ങൾ ലംഘിച്ച് വാർദ്ധക്യകാല പെൻഷൻ കൈപ്പറ്റിയ വെങ്ങോല ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡ് നിവാസി നെടുമല വീട്ടിൽ സി.കെ. കുമാരൻ പെൻഷൻ തുക പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് നിർദ്ദേശം.

2021 ഫെബ്രുവരി മുതൽ 2025 മെയ് മാസം വരെ വാങ്ങിയ 84,600 രൂപ പെൻഷൻ തുകയും അതിന്റെ 18ശതമാനം പലിശയായ 15,228 രൂപയും ചേർത്ത് ആകെ 99,828 രൂപയാണ് തിരിച്ചടയ്ക്കേണ്ടത്.

പൊതുപ്രവർത്തകനായ കെ.കെ. സുമേഷ് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ​പെരുമ്പാവൂർ മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം കുമാരന്റെ ഭാര്യ 2017 ഫെബ്രുവരി മുതൽ മുനിസിപ്പാലിറ്റിയിൽ സർക്കാർ ശമ്പളം പറ്റുന്ന സ്ഥിരം ജീവനക്കാരിയായി ജോലി ചെയ്യുന്നുണ്ട്. കൂടാതെ കുമാരൻ സമർപ്പിച്ച പുതിയ വരുമാന സർട്ടിഫിക്കറ്റിൽ വാർഷിക വരുമാനം 4,28,340 രൂപ ആണെന്നും വ്യക്തമായി. സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന് ബോദ്ധ്യമായതിനാൽ വെങ്ങോല പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം പെൻഷൻ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ​എറണാകുളം ജോയിന്റ് ഡയറക്ടർ പെൻഷൻ തുക പലിശ സഹിതം തിരികെ വാങ്ങാൻ വെങ്ങോല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് അക്കൗണ്ടിലേക്ക് ഉടൻ തുക അടച്ച് രസീത് പഞ്ചായത്തിൽ ഏൽപ്പിക്കാനും കുമാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.