
കോതമംഗലം: ദേശീയപാതയിൽ കോതമംഗലത്തിന് സമീപം കുത്തുകുഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. കാറും സ്വകാര്യബസും സ്‌കൂട്ടറും ആണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന നെടുങ്കണ്ടം പച്ചടി മുതിയേടത്തുകുഴിയിൽ ബിനോയി (49), ഭാര്യ മഞ്ജു (44), മകൾ എയ്ഞ്ചൽ (14), സ്‌കൂട്ടർ യാത്രക്കാരനായ രഞ്ജിത് കെ.രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാർ എതിരെ വരികയായിരുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നീട് കാർ സ്‌കൂട്ടറിലും ഇടിച്ചു. കാറും സ്‌കൂട്ടറും തകർന്നിട്ടുണ്ട്.