തോപ്പുംപടി: കൊച്ചി നഗരത്തിലും പശ്ചിമ കൊച്ചിയിലും സ്വകാര്യ ബസുകളുടെ അമിവേഗതയും മത്സരയോട്ടവും കാരണം നിരത്തുകൾ കുരുതിക്കളമാകുന്നു. ബസുകൾ ചീറിപ്പായുമ്പോൾ അധികൃതർ ആവശ്യമായ കർശന നടപടികൾ സ്വീകരിക്കുന്നില്ല. ഒപ്പം വഴിപാടുപോലെയാണ് പരിശോധനകളെന്നാണ് ജനകീയ സംഘടനകളുടെ പ്രധാന ആക്ഷേപം.
ബുധനാഴ്ച തോപ്പുംപടി ബി.ഒ.ടി. പാലത്തിന് മുകളിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചതാണ് അവസാനത്തെ സംഭവം. മാസങ്ങൾക്കു മുമ്പ് എറണാകുളം മേനകയിൽ നടന്ന ബസുകളുടെ മത്സരയോട്ടത്തിൽ തോപ്പുംപടി മുണ്ടംവേലി സ്വദേശിനിയായ മേരി സനിത എന്ന വീട്ടമ്മയും മരണമടഞ്ഞിരുന്നു.
ജീവനെടുക്കുന്ന മത്സരയോട്ടം
പടിഞ്ഞാറൻ കൊച്ചിയിലെ ഇടുങ്ങിയ റോഡുകളിൽ പോലും ബസുകൾ അമിത വേഗതയിലാണ് സഞ്ചരിക്കുന്നത്. തോപ്പുംപടി ജിയോ മുതൽ പ്യാരി ജംഗ്ഷൻൻ വരെയുള്ള റോഡ് ഇടുങ്ങിയതാണെന്ന് അറിയാമെങ്കിലും വേഗത കുറയ്ക്കാൻ ഡ്രൈവർമാർ തയ്യാറാകുന്നില്ല. ഫോർട്ട്‌കൊച്ചി വെളിയിൽ പലപ്പോഴും ആളുകളെ ഇറക്കിവിട്ട ശേഷമാണ് ബസുകൾ മരണപ്പാച്ചിൽ.
ഇരുചക്രവാഹന യാത്രികരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും എന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണെന്ന് റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ഒന്നിലധികം ബസുകളുള്ളവരാണ് മത്സരയോട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. ബസ് ജീവനക്കാരിൽ പലരും ലഹരി ഉപയോഗിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
അധികൃതർക്കെതിരെ ജനരോഷം
അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമുള്ള അധികൃതരുടെ ഉണർവും നടപടികളും ജനരോഷത്തിനിടയാക്കുന്നുണ്ട്. പൊലീസ്, മോട്ടോർ വെഹിക്കിൾ വകുപ്പ് (എം.വി.ഡി.) എന്നിവർ കർശന നടപടികൾ സ്വീകരിക്കുന്നില്ല. ബസുകളുടെ അമിവേഗതയും മത്സരയോട്ടവും നിയന്ത്രിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.