വൈപ്പിൻ: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അയ്യമ്പിള്ളി ജനകീയാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഇന്ന് രാവിലെ 8.30 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ വാസുദേവൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
ആർദ്രം പദ്ധതിയിൽപ്പെടുത്തി എൻ.എച്ച്.എമ്മിന്റെ 67 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 1550 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളുള്ള കെട്ടിടത്തിൽ കാത്തിരിപ്പ് സ്ഥലം, കുത്തിവയ്പ്പ് മുറി, എ.യു.സി.ഡി മുറി, സ്റ്റോർ/ലാബ് സൗകര്യങ്ങൾ, ശുചിമുറി, മുലയൂട്ടൽ മുറി, ഓഫീസ് കം ക്ലിനിക് എന്നീ സൗകര്യങ്ങളുണ്ട്.