#ഹോസ്റ്റലിൽ താമസിക്കുന്ന 20 വിദ്യാർത്ഥികൾ ചികിത്സതേടി

ആലുവ: എടത്തല കെ.എം.ഇ.എ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 20 വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായതെന്നാണ് പറയുന്നത്.

സംഭവത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് ഒരേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കെ.എം.ഇ.എയുടെ മൂന്ന് കോളേജുകളും ഒക്ടോബർ അഞ്ചുവരെ അടച്ചു. ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥികൾ കളമശേരി മെഡിക്കൽ കോളേജ്, എടത്തല പ്രാഥമികാരോഗ്യകേന്ദ്രം, സ്വകാര്യ ക്ളിനിക്കുകൾ എന്നിവിടങ്ങളിൽ ചികിത്സതേടി.

ഹോസ്റ്റലിൽ താമസിക്കുന്ന അഞ്ചുപേർക്ക് ബുധനാഴ്ച രാത്രിയാണ് ആദ്യം അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഹോസ്റ്റലിലെ മോട്ടോർ തകരാറിലായതിനാൽ കഴിഞ്ഞദിവസങ്ങളിൽ ടാങ്കർ വെള്ളമാണ് ഉപയോഗിച്ചത്. ഈ വെള്ളമാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് ആക്ഷേപം.

ഇന്നലെ കൂടുതൽ പേർക്ക് അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രിൻസിപ്പലിനേയും അദ്ധ്യാപകരെയും ഓഫീസിൽ ഉപരോധിച്ചു. ഇതേതുടർന്ന് 28 വരെ കോളേജുകളും ഹോസ്റ്റലുകളും അടച്ചിടാനും ശുചീകരണം നടത്താനും തീരുമാനിച്ച് പിരിഞ്ഞു. എന്നാൽ വൈകിട്ട് വീണ്ടും വിദ്യാർത്ഥികൾ ഉപരോധം ആരംഭിച്ചു. ഹോസ്റ്റൽ അടക്കരുതെന്നും ഭക്ഷണം വേണമെന്നുമായിരുന്നു ആവശ്യം. ഇതിന് മാനേജ്മെന്റ് വഴങ്ങിയില്ല. ഒക്ടോബർ ആറിനേ ഇനി കോളേജ് തുറക്കുന്നുള്ളുവെന്ന് മാനേജ്മെന്റ് അറിയിച്ചു. ഡി.എം.ഒ നിർദ്ദേശിച്ച വിധത്തിലുള്ള എല്ലാ ശുചീകരണവും നടത്തേണ്ടതുണ്ടെന്നായിരുന്നു അറിയിപ്പ്.

ഗൂഢാലോചന സംശയമുണ്ടെന്ന് മാനേജ്മെന്റ്

ഭക്ഷ്യവിധബാധയുടെ പേരിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം അതിരുവിട്ടതാണെന്നും ഇതിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയമുണ്ടെന്നും കോളേജ് ഡയറക്ടർ ഡോ. അമർ നിഷാദ് 'കേരളകൗമുദി'യോട് പറഞ്ഞു. കോളേജിന് പുറത്തുനിന്നുള്ളവരും ഓഫീസ് ഉപരോധിക്കാനെത്തിയിരുന്നു. ഹോസ്റ്റൽ മെസിൽ മോശം ഭക്ഷണമാണെന്ന് ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ല. നിസാരസംഭവങ്ങൾ പെരുപ്പിച്ച് കാണിക്കുന്നതിന് പിന്നിൽ ആരെങ്കിലുമുണ്ടാകാം. കോളേജിന്റെ അച്ചടക്കം ലംഘിച്ച ചില കുട്ടികളോട് വീട്ടിൽനിന്ന് രക്ഷിതാക്കളെ വിളിച്ചുകൊണ്ടു വരാൻ നിർദ്ദേശിച്ചിരുന്നു.