കൊച്ചി: തിരുവനന്തപുരത്ത് നിന്ന് എറണാകുളം റൂറൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത കെ.എം. ഷാജഹാനെ ആലുവയിലെ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ ഇന്ന് ചോദ്യം ചെയ്യും. കെ.ജെ.ഷൈൻ നൽകിയ രണ്ടാമത്തെ പരാതിയിലാണ് ഇന്നലെ രാത്രി ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. ആദ്യപരാതിയിൽ ബുധനാഴ്ച സൈബർ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
തുടർച്ചയായി സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ ഷാജഹാൻ വീഡിയോ പോസ്റ്റ് ചെയ്യുന്നതായി ഇന്നലെയാണ് ഷൈൻ പരാതി നൽകിയത്. ആദ്യ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്റെ കോപ്പി പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ വീഡിയോയിൽ കാട്ടിയെന്നും പരാതിയിലുണ്ട്. ഈ പരാതിയിൽ ഷാജഹാനെ പ്രതിയാക്കി രണ്ടാമത്തെ എഫ്.ഐ.ആർ ഇന്നലെ രജിസ്റ്റർ ചെയ്തു.
ചെങ്ങമനാട് സി.ഐ സോണി മത്തായിയുടെ നേതൃത്വത്തിലാണ് ആക്കുളത്തെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.