ആമ്പല്ലൂർ: മാലിന്യക്കൂമ്പാരമായി വെള്ളക്കെട്ട് നിറഞ്ഞുകിടന്നിരുന്ന 13 സെന്റ് സ്ഥലം വിശ്രമവിനോദ കേന്ദ്രമാക്കി മാറ്റിയ 'സ്‌നേഹാരാമം' പദ്ധതി നാടിന് സമർപ്പിച്ചു. മുളന്തുരുത്തി-കാഞ്ഞിരമറ്റം പൊതുമരാമത്ത് റോഡരികിൽ മിൽമയ്ക്ക് സമീപം സ്ഥിതിചെയ്തിരുന്ന ഈ സ്ഥലം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം ബീന മുകുന്ദന്റെ നിശ്ചയദാർഢ്യത്തിലാണ് പുതിയ മുഖം നേടിയത്.
ഇന്ന് വൈകിട്ട് അഞ്ചിന് ജില്ലാ കളക്ടർ പ്രിയങ്ക പദ്ധതി ഉദ്ഘാടനം ചെയ്ത് നാടിനായി സമർപ്പിക്കും.
ദുരിതഭൂമിക്ക് മോചനം
മുമ്പ് യാത്രക്കാർ മാലിന്യം തള്ളിയിരുന്ന പ്രദേശം മഴക്കാലമായാൽ മലിനജലം കെട്ടിക്കിടന്ന് കൊതുകുകളുടെയും നായകളുടെയും ആവാസകേന്ദ്രവുമായിരുന്നു. 'മാലിന്യമുക്ത നവകേരളം' കാമ്പയിനിൽ 'സ്‌നേഹാരാമം' പദ്ധതി ഉൾപ്പെടുത്തുകയായിരുന്നു.
കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയും നേടി. നവകേരള സദസിൽ അപേക്ഷ സമർപ്പിച്ച് 14.7 ലക്ഷം രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു.
ജനകീയ സഹകരണത്തിന്റെ വിജയം
പദ്ധതിയുടെ ഭാഗമായി 13 സെന്റ് സ്ഥലവും ടൈലിംഗ് നടത്തി മനോഹരമാക്കി. സമീപത്തെ റെസിഡന്റ്സ് അസോസിയേഷന്റെ സാമ്പത്തിക സഹായത്തോടെ 3 സെന്റ് സ്ഥലത്ത് പാർക്കിനായി ഫെൻസിംഗും നടത്തി. അസോസിയേഷൻ അംഗങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും പിന്തുണയോടെ ബെഞ്ചുകൾ, ചെടിച്ചട്ടികൾ, ചെടികൾ, കൂടാതെ സ്‌പോൺസറിംഗിലൂടെ സോളാർ ലൈറ്റും ലഭ്യമാക്കി. കുട്ടികൾക്കുള്ള കളി ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കാൻ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചു.
മാലിന്യ സംഭരണത്തിനായി പെറ്റ് ബോട്ടിൽ ബിന്നുകളും ശുചിത്വ സന്ദേശ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ പരിപാലനം സുരഭി റെസിഡന്റ്സ് അസോസിയേഷൻ ഏറ്റെടുത്തതോടെ ദീർഘകാലമായുള്ള ദുരിതത്തിന് ജനകീയമായി പരിഹാരമായി.
വിശ്രമത്തോടൊപ്പം വിജ്ഞാനം എന്ന ലക്ഷ്യത്തോടെ, ലഘുവായനയ്ക്കും കുട്ടികളെ കവിതയിലേക്കും വായനയിലേക്കും ആകർഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാനാണ് ശ്രമം.
ബീന മുകുന്ദൻ.