കൊച്ചി: പരമ്പരാഗത ശില്പകലയും വാസ്തുവിദ്യാപഠനവും ശക്തിപ്പെടുത്താൻ കേരളത്തിലെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ (ബി.ഐ.എഫ്) കാഞ്ചീപുരത്തെ ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയവുമായി ധാരണയായി. കാഞ്ചി കാമകോടി ശങ്കരാചാര്യരുടെ അനുഗ്രഹത്തോടെ ആരംഭിച്ച പാഠശാല, തമിഴ്‌നാട്ടിലെ ക്ഷേത്ര വാസ്തുവിദ്യയുടെയും ശില്പകലയുടെയും പുരാതന ശാസ്ത്രവും കലയും പഠിപ്പിക്കുന്നതാണ്. ബി.ഐ.എഫ് നൽകുന്ന ഗ്രാന്റ് പാഠശാലയിലെ സൗകര്യങ്ങൾ വികസിപ്പിക്കാനും ആധുനിക ഉപകരണങ്ങൾ പരിചയപ്പെടുത്താനും പണിശാലകൾ സ്ഥാപിക്കാനും സഹായകമാകും.

വാസ്തുവിദ്യാപരവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനുള്ള പരിശ്രമമാണിതെന്ന് ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ പറഞ്ഞു.