പറവൂർ: ചാത്തനാട് - വലിയകടമക്കുടി പാലത്തിന്റെ ഭാര പരിശോധന പൂർത്തിയായി. പാലത്തിന്റെ നിർമ്മാണ ചുമതലയുള്ള കേരള സ്റ്റേറ്റ് കൺസ്ട്രഷൻ കോർപ്പറേഷൻ വ്യാഴാഴ്ചയാണ് ഭാര പരിശോധന നടത്തിയത്. ആഗസ്റ്റ് 30ന് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യുമെന്ന് നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഭാര പരിശോധന നടത്താതെ പാലം തുറന്നുകൊടുക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിനെ തുടർന്നാണ് ഉദ്ഘാടനം മാറ്റിവച്ചത്.
2013 ഡിസംബർ 29ന് അന്നത്തെ മുഖ്യമന്ത്രി ചാത്തനാട് - വലിയ കടമക്കുടി പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ചാത്തനാട് - വലിയകടമക്കുടി പാലത്തിന്റെ പുഴയ്ക്ക് മുകളിലെ ഭാഗം 2015ൽ പൂർത്തിയായി. അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് തടസങ്ങളുണ്ടായതിനാൽ തുടർനിർമ്മാണം നിലച്ചു. ഏഴ് വർഷം നിർമ്മാണം നിലച്ചതിന് ശേഷം പുനരാരംഭിച്ചപ്പോൾ, പില്ലറുകളിൽ പുറത്തേക്ക് നീട്ടിയിട്ടിരുന്ന കമ്പികൾ തുരുമ്പെടുത്തിരുന്നു. ബലക്കുറവ് കണ്ടെത്തിയതിനെത്തുടർന്ന് നിർമ്മാണച്ചുമതലയുള്ള കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായം തേടി. പുറത്തേക്ക് നിൽക്കുന്ന 26 മില്ലീമീറ്റർ കമ്പി മുറിച്ച് മാറ്റി, പില്ലറിന്റെ കോൺക്രീറ്റ് ഒരു മീറ്റർ താഴ്ത്തി പൊട്ടിച്ച ശേഷം പുതിയ കമ്പികൾ പഴയ കമ്പികളുമായി വെൽഡ് ചെയ്ത് നിർമ്മാണം പൂർത്തിയാക്കാൻ അനുമതി നൽകി. നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം ഭാഗത്ത് വെയ്റ്റ് ടെസ്റ്റ് നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. 2024 ഫെബ്രുവരിയിൽ ടെസ്റ്റിനായി 7.23 ലക്ഷം രൂപ അടയ്ക്കാൻ ജിഡ സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടെസ്റ്റ് നടത്താതെയാണ് ജിഡ സെക്രട്ടറി നിർമ്മാണം പൂർത്തിയായ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്.
പാലത്തിന് ഇരവശങ്ങളിലും ഏറ്റെടുത്ത സ്ഥലത്ത് ടൈൽസ് വിരിച്ച് മനോഹരമാക്കുന്നതിനുള്ള ജോലികൾ നടന്നുവരിയാണ്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പായി പാലം തുറന്ന് കൊടുക്കും
വി.ഡി. സതീശൻ
പ്രതിപക്ഷനേതാവ്