പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ളോക്ക് നിർമ്മാണത്തിന് 2023 -24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. 7980 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് നിർമ്മിക്കുന്നത്. മൂന്ന് നിലയ്ക്കുള്ള ഫൗണ്ടേഷൻ ഉണ്ടാകും. രണ്ടു നിലകൾ ആദ്യം പണിയും. താഴത്തെ നിലയിൽ ഡോക്ടർമാരുടെ ഒ.പി മുറികളും, രോഗികൾക്ക് വിശ്രമിക്കാനുള്ള വിശാലമായ മുറിയുമാണ്. പ്രൊസീജർ റൂം, രോഗികൾക്കുള്ള വാർഡ്, പ്രത്യേക മുറികൾ, റിസപ്ഷൻ എന്നിവ ഉൾപ്പെടുത്തിയാണ് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. സാങ്കേതികാനുമതി നൽകി പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുവാൻ നിർദ്ദേശം നൽകിയതായി പ്രതിപക്ഷനേതാവ് അറിയിച്ചു.