പറവൂർ: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷ സംഭാവന പിരിവിന്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രം ഉപദേശക സമിതിയും തമ്മിലുള്ള തർക്കം തീർന്നപ്പോൾ ഫ്ളക്സ് ബോർഡ് സംബന്ധിച്ച് പോര്. സംഭാവന കൂപ്പൺ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പിരിക്കുന്നത് വിലക്കിയ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കി. ഇതിനുശേഷം പത്രവാർത്തകൾ ഉൾപ്പെടുത്തിയും ഭക്തർക്ക് വഴിപാടുകൾ സംബന്ധിച്ചും ഉപദേശക സമിതി സ്ഥാപിച്ച ബോർഡുകൾ കാണാതായി. ക്ഷേത്രത്തിനോട് ചേർന്നുവച്ച ബോർഡ് മാറ്റാൻ സബ് ഗ്രൂപ്പ് ഓഫീസർ ഉപദേശക സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മാറ്റി റോഡിൽ വച്ച ബോർഡുകളാണ് വ്യാഴാഴ്ച രാത്രിയിൽ കാണാതായത്. രണ്ട് ബോർഡുകൾ കാണാതായതിനെ തുടർന്ന് ക്ഷേത്രം ഉപദേശക സമിതി പറവൂർ പൊലീസിൽ പരാതി നൽകി. ക്ഷേത്രത്തിലെ ജീവനക്കാരായ ചില യൂണിയൻ നേതാക്കളാണ് ഫ്ളക്സ് ബോർഡ് എടുത്തുമാറ്റിയതെന്നും ഇവർ ഉപദേശക സമിതിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നതായും പരാതിയിൽ ആരോപിക്കുന്നു. ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി ക്യാമറകൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.