കോലഞ്ചേരി: ഡ്യൂട്ടിക്കെത്തുന്ന ഡോക്ടർമാരുടെ കുറവിൽ കടയിരുപ്പ് സി.എച്ച്.സിയുടെ പ്രവർത്തനം അവതാളത്തിലാകുന്ന പ്രശ്നത്തിൽ ഡി.എം.ഒയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും. അടിയന്തരമായി എച്ച്.എം.സി വിളിച്ച് ചേർക്കാൻ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർദ്ദേശവും നൽകി. ഇതു സംബന്ധിച്ച "കേരള കൗമുദി" വാർത്തയെ തുടർന്നാണ് നടപടി. തത്കാലികമായി ബ്ളോക്ക് പഞ്ചായത്ത് നിയമിച്ചതടക്കം അഞ്ച് ഡോക്ടർമാരാണ് ഇവിടെയുള്ളത്. രണ്ടുപേർ ട്രെയിനിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തായതാണ് പെട്ടെന്നുണ്ടായ തിരക്കിന് കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ബ്ളോക്ക് പഞ്ചായത്ത് നിയമിച്ച ഡോക്ടർ വൈകിട്ടുള്ള ഒ.പിക്ക് മാത്രമുള്ളതാണ്.

നേരത്തെ എൻ.എച്ച്.എം വഴി ഒരു ഡോക്ടറെ നിയമിക്കാറുള്ളതാണ്. നിലവിൽ അത്തരം നിയമനവുമില്ല. അതിനിടയിൽ അടിക്കടി ട്രെയിനിംഗുകളും ക്ളാസുകളും മീറ്റിംഗുകളും വരുന്നതോടെ ചികിത്സിക്കാനുള്ള സമയം ഡോക്ടർമാർക്ക് തീരെ ലഭിക്കുന്നില്ലെന്നാണ് അവരുടെ പരാതി. കൂടാതെ വിവിധ കോടതികളിലുള്ള അടിപിടി കേസുകളിലും ഡോക്ടർമാർ സാക്ഷികളായെത്തണം. ഇതു കൂടിയാകുമ്പോൾ ആശുപത്രിയുടെ പ്രവർത്തനം അമ്പേ താളം തെറ്റുന്നു.

കൂടുതൽ ഡോക്ടർമാരെ നിയമിക്കാതെ പ്രശ്നപരിഹാരം എളുപ്പമാകില്ല. ചികിത്സക്കെത്തുന്നവരുടെ എണ്ണത്തിലും ക്രമീതീതമായ വർദ്ധനവുണ്ട്. നേരത്തെ പ്രതിദിനം 200 പേർ വരെ ഒ.പിയിൽ എത്തിയിരുന്നതെങ്കിൽ നിലവിൽ 300 - 350 പേരാണ് എത്തുന്നത്. ഇതും തിരക്കിന് കാരണമാണ്.

ബുധൻ,വ്യാഴം ദിവസങ്ങളിൽ പാലിയേറ്റീവ് കെയർ രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിലെ കാലതാമസമടക്കം അടിയന്തരമായി പരിഹരിക്കും

പി.വി. ശ്രീനിജിൻ

എം.എൽ.എ

കുന്നത്തുനാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് രോഗികളാണ് ഇവിടെയെത്തുന്നത്.

ബുധനാഴ്ചകളിലാണ് പ്രതിരോധ കുത്തിവയ്പ്പുകളും പാലിയേ​റ്റീവ് രോഗികൾക്ക് മരുന്ന് വിതരണവും നടക്കുന്നത്. വ്യാഴാഴ്ചകളിലാണ് എൻ.സി.ഡി ക്ലിനിക്ക് പ്രവർത്തിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ 2 ഡോക്ടർമാർ മാത്രമാകുമ്പോൾ തിരക്ക് നിയന്ത്രിക്കാൻ കഴിയില്ല. ഇതോടെ മരുന്ന് വാങ്ങാനെത്തുന്ന പാലിയേ​റ്റീവ് രോഗികളും കൂട്ടിരിപ്പുകാരും ഏറെ ദുരിതം അനുഭവിക്കുന്നു.

6 നഴ്‌സുമാരും പാരാമെഡിക്കൽ സ്​റ്റാഫും ഉണ്ടെങ്കിലും നാളുകളായി ഇവിടെ കിടത്തി ചികിത്സയുമില്ല. 20 ബെഡുകളും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഏറെക്കാലമായി ഇവിടുത്തെ പോസ്​റ്റ്‌മോർട്ടം സൗകര്യവും നിറുത്തലാക്കി. പോസ്​റ്റ്മോർട്ടം കേസുകൾ മൂവാ​റ്റുപുഴ, പെരുമ്പാവൂർ, കളമശേരി അടക്കമുള്ള ആശുപത്രികളിലേയ്ക്കാണ് കൊണ്ടുപോകുന്നത്.