
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. ജനറൽ ആശുപത്രി അങ്കണത്തിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 70 ലക്ഷം രൂപ ഉപയോഗിച്ചു നവീകരിച്ച ആധുനിക സൗകര്യങ്ങുള്ള മോർച്ചറി സമുച്ചയം, 13 ലക്ഷം ആശുപത്രി വികസന ഫണ്ട് ഉപയോഗിച്ചു സജ്ജീകരിച്ച ക്യൂർ ഫ്രണ്ട്ലി ക്ലിനിക്, 10 ലക്ഷം പ്ലാൻ ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച സ്ട്രോക് ഐ.സി.യു, 1.5 കോടി ആശുപത്രി വികസന ഫണ്ട് ഉപയോഗിച്ചു നവീകരിച്ച കാത്ത് ലാബ്, ശ്രുതിതരംഗം പദ്ധതി പ്രഖ്യാപനം എന്നീ പുതിയ പദ്ധതികൾക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങുള്ളതാണ് പുതിയ മോർച്ചറി.
ക്യൂർ ഫ്രണ്ട്ലി ക്ലിനിക്
ഒ.പി രജിസ്ട്രേഷൻ, ഡോക്ടർ കൺസട്ടേഷൻ, കൗൺസിലിംഗ് സൗകര്യം, ലേസർ തെറാപ്പി തുടങ്ങിയവയ്‌ക്ക് മുൻഗണന നൽകുന്ന സംസ്ഥാനത്തെ തന്നെ ആദ്യത്തെ ക്യൂർ ഫ്രണ്ട്ലി ക്ലിനികാണിത്. ആശുപത്രി വികസന സമിതിയുടെ 13 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്.
സ്ട്രോക് ഐ.സി.യു
പ്ലാൻ ഫണ്ടിൽ നിന്ന് ലഭിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്ട്രോക് ഐ.സി.യു സെറ്റ് ചെയ്തിരിക്കുന്നത് മസ്തിഷ്കാഘാതം ചികിത്സിക്കാൻ ഉതകുന്ന തരം ഉപകരണങ്ങളും സ്ട്രോക്ക് ഐ.സി.യുവിലുണ്ട്.
കാത്ത് ലാബ്
2016ൽ ആരംഭിച്ച കാത്ത് ലാബ് പരിമിതമായ സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചിരുന്നത്. ആശുപത്രി വികസന സമിതിയുടെ 1.5 കോടി രൂപയാണ് ലാബ് പുനരുദ്ധാരണത്തിനായി വിനിയോഗിച്ചത്.
ശ്രുതിതരംഗം
കേൾവി വൈകല്യമുള്ള മൂന്ന് വയസിൽ താഴെയുള്ളവർക്ക് സൗജന്യമായി കോക്ലിയർ കേൾവിശക്തി ലഭിക്കാനുള്ള ശസ്ത്രക്രിയ ചെയ്യുന്ന പദ്ധതിയാണ് ശ്രുതിതരംഗം. ഇതിനായി പുതിയ ഓപ്പറേഷൻ തിയേറ്ററും സജ്ജമാക്കി. സ്ക്രീനിംഗിനായി പ്രത്യേക സൗണ്ട് പ്രൂഫ് റും ഡയഗ്നോസ്റ്റിക് ഓഡിയോ മെട്രി, ഒ.എ.ഇ, മെഡിസിൻ അപ്ഗ്രഡേഷൻ, സ്കേറ്റർ ഡ്രിൽ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.