• വൃശ്ചികോത്സവം നവംബർ 19 മുതൽ 26 വരെ
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ ചെണ്ടമേളത്തെയും ഉത്സവ നടത്തിപ്പിനെയും ചൊല്ലി ഉപദേശകസമിതിയിൽ കലാപം. ജോയിന്റ് സെക്രട്ടറി രാജിവച്ചു. പരിപാടികൾ തീരുമാനിക്കുന്ന നടപടിക്രമങ്ങൾ ശരിയല്ലെന്നും സുതാര്യമായല്ല കാര്യങ്ങൾ നീങ്ങുന്നതെന്നും മേളക്കമ്മിറ്റി കൺവീനർ ദേവസ്വം ബോർഡിന് കത്തുനൽകി. വരുംദിനങ്ങളിൽ കൂടുതൽ രാജികളുണ്ടാകുമെന്നാണ് സൂചന.
ക്ഷേത്ര ഉപദേശക സമിതിയാണ് ഒരുകോടിയിലേറെരൂപ ചെലവുവരുന്ന വൃശ്ചികോത്സവത്തിന് ഇക്കുറി ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞവർഷം കൊച്ചിൻ ദേവസ്വംബോർഡാണ് ഉത്സവം നടത്തിയത്. ഇക്കുറി ഒരു പ്രമുഖന് ചെണ്ടമേളം കരാർ നൽകാൻ ചിലർ ശ്രമിച്ചതാണ് എതിർപ്പുകൾക്കിടയാക്കിയത്. എങ്കിലും ഇയാൾക്ക് തന്നെ 18 ലക്ഷംരൂപയ്ക്ക് മേളക്കരാർ നൽകാൻ ധാരണയായി. രണ്ടുലക്ഷംരൂപകൂടി കണക്കിൽ ഇല്ലാതെ നൽകുമെന്നാണ് വ്യവസ്ഥയെന്നും അറിയുന്നു.
കലഹത്തെത്തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ദേവസ്വംബോർഡ് അംഗം അഡ്വ. അജയൻ, സ്പെഷ്യൽ കമ്മിഷണർ എസ്.ആർ. ഉദയകുമാർ, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രത്തിൽ ചേർന്ന യോഗത്തിലും വാക്കുതർക്കങ്ങളുണ്ടായി. ദേവസ്വംതന്നെ ഉത്സവം നടത്തണമെന്ന് ആവശ്യമുയർന്നെങ്കിലും നിരാകരിക്കപ്പെട്ടു. അന്നുതന്നെ ജോ, സെക്രട്ടറി അജിത് സുന്ദർ ദേവസ്വത്തിന് രാജി സമർപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കത്തിൽ പറയുന്നത്.
കലാകാരന്മാരെ നിശ്ചയിച്ചതിൽ ദുരൂഹതയും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കത്തുനൽകിയത് മേളക്കമ്മിറ്റി കൺവീനർ ആലാപാണ്. എട്ട് ദിവസത്തെ ഉത്സവത്തിന് കഴിഞ്ഞവർഷം എട്ട് പ്രമാണിമാർക്കായിരുന്നു മേളം. അതിനാൽ പ്രാദേശികമായ നിരവധി മേളക്കാർക്ക് അവസരങ്ങൾ ലഭിച്ചു. ഒരാൾക്ക് കരാർ നൽകിയാൽ അത് നഷ്ടമാകുമെന്നതിനാൽ വലിയ പ്രതിഷേധമുണ്ട്.
രണ്ടു ദിവസം മേളം പെരുവനം കുട്ടൻമാരാർക്ക്:
തൃക്കേട്ടയ്ക്കും ചെറിയ വിളക്കിനും പെരുവനം കുട്ടൻമാരാർക്കാണ് മേളപ്രമാണം. ധാരണയായത് ഇങ്ങിനെയാണ്:
നവംബർ19: തിരുവല്ല രാധാകൃഷ്ണൻ
20: പാഴൂർ രഘുമാരാർ
21: ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാർ
22: പെരുവനം കുട്ടൻമാരാർ
23: പെരുവനം സതീശൻ മാരാർ
24: പെരുവനം കുട്ടൻമാരാർ
25: കിഴക്കൂട്ട് അനിയൻ മാരാർ
26: ചൊവ്വലൂർ മോഹനൻ