കൊച്ചി: വിദേശത്ത് നഴ്സിംഗ് ജോലി തരപ്പെടുത്തി നൽകാമെന്ന വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച കേസിൽ പ്രതിക്ക് തടവുശിക്ഷ.
തിരുവല്ല പുല്ലാട് ആലുംമൂട്ടിൽ രാജീവ് മാത്യുവിനെയാണ് (41) രണ്ടു വർഷം തടവിനും 20,000രൂപ പിഴയ്ക്കും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അലൻ ഇ. ബൈജു ശിക്ഷിച്ചത്. സഹോദര ഭാര്യയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ഇടപ്പള്ളി സ്വദേശിയിൽ നിന്ന് അഞ്ചു ലക്ഷത്തിലധികം രൂപ പ്രതി വാങ്ങിയെന്നാണ് ആരോപണം. പിഴത്തുക പരാതിക്കാരന് നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദ്ദേശിച്ചു.
പ്രതി മെഡ്‌ലൈൻ എച്ച്.ആർ സൊല്യൂഷൻസ് എന്ന പേരിൽ അംഗീകാരമില്ലാത്ത വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിലൂടെയാണ് വഞ്ചന നടത്തിയത്. കുറ്റകൃത്യം ഗൗരവമുള്ളതാണെന്നും പൊതുജനങ്ങളെ ബാധിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മറ്റൊരു കേസിൽ
മൂന്നു പേരെ ഇതേ രീതിയിൽ വഞ്ചിച്ചതിന് നേരത്തേ ഇയാൾ തടവുശിക്ഷ അനുഭവിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്. സൈജു ഹാജരായി. പാലാരിവട്ടം പൊലീസാണ് അന്വേഷണം നടത്തിയത്.