
കളമശേരി: കൊച്ചി മെട്രോയുടെ കാസ്റ്റിംഗ് യാർഡിലുണ്ടായ വാഹനാപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ഡീസൽ ടാങ്കർ ലോറി ഡ്രൈവറായ മദ്ധ്യപ്രദേശ് സ്വദേശി ശങ്കർ ദയാൽ ശർമ്മയാണ് (49) അപകടത്തിൽ മരിച്ചത്.
എച്ച്.എം.ടി കോളനിക്ക് സമീപം പ്രവർത്തിക്കുന്ന യാർഡിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നിനായിരുന്നു അപകടം. ഡ്രൈവർ ഹാൻഡ് ബ്രേക്ക് ഇടാതെ ലോറി നിറുത്തി ഇറങ്ങിയപ്പോൾ പിന്നിലേക്ക് നീങ്ങിയ ലോറി സമീപത്തെ മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു. ഇരുലോറികൾക്കും ഇടയിൽപ്പെട്ട ശങ്കർ ദയാൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കളമശേരി ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ഡ്രൈവർ കെ.എം.ആർ.എല്ലിന്റെ കരാർ ജോലി ഏറ്റെടുത്ത് ചെയ്യുന്ന അഫ്‌കോൺസ് ഇൻഫ്രയുടെ ഡ്രൈവറാണെന്നും മരിച്ചയാളുടെ കുടുംബത്തിന് നിയമാനുസൃത സഹായം നൽകുമെന്നും കൊച്ചി മെട്രൊ അധികൃതർ അറിയിച്ചു. സംഭവം ദൗർഭാഗ്യകരമാണ്. അഫ്‌കോൺസിനോട് അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജനറൽ മാനേജരുടെ (സിവിൽ) നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നും കെ.എംആർ.എൽ പറഞ്ഞു. അപകടമുണ്ടായ സാഹചര്യത്തിൽ വർക്ക് സൈറ്റിലെ സുരക്ഷ കൂടുതൽ ശക്തമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.