കൊച്ചി: എറണാകുളം നഗരത്തിലെ കക്കൂസ് മാലിന്യ സംസ്‌കരണ പ്രശ്നത്തിനടക്കം ദീർഘകാല പരിഹാരം കണ്ടെത്താൻ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. നഗരത്തിലെ മാലിന്യക്കുഴൽ ശൃംഖല, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയവയുടെ പ്രശ്‌നപരിഹാരത്തിനായി അപ്പാർട്ട്മെന്റ് ഓണേഴ്‌സ് അപ്പെക്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. വി.സി. വിജയൻ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

നിയമപരമായി എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥരുടെ പഠന സംഘത്തിന് രൂപം നൽകുന്നതെന്ന് കോടതി പറഞ്ഞു. സ്വീവേജ് ലൈനുകളെക്കുറിച്ചും ട്രീറ്റ്മെന്റ് പ്ളാന്റുകളെക്കുറിച്ചുമുള്ള അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും വിലയിരുത്തി. അസോസിയേഷന്റെ ആശങ്കകൾ ഈ റിപ്പോർട്ടിലും പ്രതിഫലിക്കുന്നുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഹർജി ഒക്ടോബർ 27ന് പരിഗണിക്കാൻ മാറ്റി.

സമിതി അംഗങ്ങൾ

പ്രിൻസിപ്പൽ സെക്രട്ടറി

മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൻ

 ജല അതോറിട്ടി മാനേജിംഗ് ഡയറക്ടർ

കൊച്ചി കോർപറേഷൻ സെക്രട്ടറി

സമിതിയുടെ ചുമതലകൾ

 ദീർഘകാല പരിഹാരം പഠിച്ച് നാലാഴ്ചയ്ക്കുള്ളിൽ പ്രിൻസിപ്പൽ സെക്രട്ടറി വഴി റിപ്പോർട്ട് നൽകണം.
ഏതൊക്കെ മേഖലയിലാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്ന് വിലയിരുത്തണം

 വിശദമായ റിപ്പോർട്ടിന് കൂടുതൽ സമയം അനുവദിക്കും.

ഹൈക്കോടതി നിർദേശങ്ങൾ

സമിതിയിലെ ഉദ്യോഗസ്ഥർതന്നെ റിപ്പോർട്ട് തയ്യാറാക്കണം. മറ്റ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കരുത്

പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിന് ജനസമ്മർദ്ദങ്ങൾക്ക് കമ്മിറ്റി വഴങ്ങേണ്ടതില്ല.

 ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ലഭ്യമായതും ആവശ്യമായതുമായ അടിസ്ഥാന സൗകര്യങ്ങൾ പരിഗണിച്ചാകണം നിയമത്തിന്റെ പരിധിയിൽ നിന്നുള്ള റിപ്പോർട്ട്

71 ഫ്ളാറ്റുകളുടെ ദുര്യോഗം

സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിച്ചില്ലെങ്കിൽ വൈദ്യുതി കണക്ഷൻ റദ്ദാക്കുമെന്ന് 71 ഫ്ളാറ്റുകൾക്ക് കെ.എസ്.ഇ.ബി​ നോട്ടീസ് നൽകി​യതാണ് കേസി​ലേക്ക് വഴി​യൊരുക്കി​യത്. പ്ളാന്റ് നി​ർമ്മി​ച്ചുകൊള്ളാമെന്ന ഉറപ്പ് എഴുതി​വാങ്ങി​യ ശേഷം കെ.എസ്.ഇ.ബി​ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. 2007ലാണ് ഫ്ളാറ്റുകൾക്ക് സ്വീവേജ് പ്ളാന്റ് നി​ർബന്ധമാക്കി​യത്. അതി​ന് മുമ്പുള്ള ഫ്ളാറ്റുകൾക്കും നോട്ടീസ് നൽകി​യി​രുന്നു. പല ഫ്ളാറ്റുകൾക്കും പ്ളാന്റ് സ്ഥാപി​ക്കാൻ സ്ഥലമി​ല്ല. ഉള്ളവയ്ക്ക് ഫണ്ടുമി​ല്ല. അതുകൊണ്ടാണ് പൊതുതാത്പര്യ ഹർജി​ നൽകി​യത്.

പ്രൊഫ. വി​.സി​.വി​ജയൻ

പ്രസി​ഡന്റ്, അപ്പാർട്ട്മെന്റ്

ഓണേഴ്സ് അപ്പെക്സ്

അസോസി​യേഷൻ