hil-india-ltd
അടച്ചുപൂട്ടിയ ഏലൂർ ഉദ്യോഗമണ്ഡലിലെ ഹിൽ ഇന്ത്യ ലിമിറ്റഡ്

കളമശേരി: കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിൽ ഇന്ത്യ ലിമിറ്റഡ് ഉദ്യോഗമണ്ഡലിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് മെഡിക്കൽ ആനുകൂല്യ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് യൂണിയൻ നേതാക്കളായ പി.എൽ. മാത്യു, ഇ.കെ. വേണുഗോപാൽ, കെ.എസ്. മോഹൻകുമാർ എന്നിവർ പ്രധാനമന്ത്രിക്ക് ഇ മെയിൽ സന്ദേശം അയച്ചു. വിഷയം പരിഗണനാർഹമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടിയും ലഭിച്ചു.

വിരമിച്ച ഭൂരിഭാഗം ജീവനക്കാർക്കും പെൻഷൻ ലഭിക്കുന്നില്ല, ചിലർക്ക് വളരെക്കുറഞ്ഞ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നു, ഈ തുക അവരുടെ ഉപജീവനത്തിനും വൈദ്യ ചികിത്സക്കും പര്യാപ്തമല്ല, 70 വയസിന് മുകളിലുള്ളവർക്ക് ആയുഷ്മാൻ ഭാരത് എന്ന പേരിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുള്ള പദ്ധതി കേരളത്തിൽ ലഭ്യമല്ല, സമർപ്പിത ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ആരോഗ്യ ഐ.ഡി കാർഡ് ലഭിക്കുകയും ചെയ്തിട്ടും ആനുകൂല്യം ഞങ്ങൾക്ക് ലഭിക്കുന്നില്ല എന്നീ കാര്യങ്ങളാണ് നിവേദനത്തിലുള്ളത്.

2024 ഏപ്രിൽ മാസത്തിൽ അടച്ചുപൂട്ടിയെങ്കിലും എച്ച്.ആർ, ഫിനാൻസ്, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ അഞ്ച് ഉദ്യോഗസ്ഥർ കമ്പനിയിൽ എത്തുന്നുണ്ട്. സ്വകാര്യ സെക്യൂരിറ്റി ഏജൻസിയുടെ 21 ഓളം ജീവനക്കാരുമുണ്ട്.