u

ചോറ്റാനിക്കര : വഴിയറിയാതെ യാത്രക്കാർ, കുഴിയിൽ വീണ് വാഹനങ്ങൾ... ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാർഡിൽ കിടങ്ങയം ഒ.ഇ.എൻ ഗ്ലോബൽ പബ്ലിക് സ്കൂൾ പൊതുമരാമത്ത് പാതയുടെ അവസ്ഥയാണിത്. റോഡോ അതോ ചെളി നിറഞ്ഞ തോടോ എന്നാണ് ഇതുവഴി കടന്നുപോകുന്ന യാത്രക്കാർ ചോദിക്കുന്നത്. ജലജീവൻ മിഷൻ പൈപ്പിടാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. പൈപ്പിട്ടാൽ ഒരാഴ്ച കൊണ്ട് ടാർ ചെയ്യുമെന്ന് വാഗ്ദാനത്തിന്റെ മറവിൽ ജൂണിലെ കനത്ത മഴയിൽ തന്നെ റോഡ് പൊളിച്ചു. റോഡ് തോടാക്കി മാറ്റിയ ശേഷം കരാറുകാരൻ സ്ഥലം കാലിയാക്കി.

ഇതോടെ നിരവധി കാൽനടയാത്രക്കാരും ഇരുചക്ര വാഹനക്കാരും അപകടത്തിൽപ്പെട്ട് ആശുപത്രിയിലായി. 15ലേറെ അപകടങ്ങളാണ് ഇവിടെ മൂന്നുമാസത്തിനുള്ളിൽ നടന്നത്. കാലൊന്ന് തെറ്റിയാൽ ചെളിയിൽ മുങ്ങും എന്നതാണ് സ്ഥിതി. മഴ കനത്തതോടെ യാത്ര കഠിനമായി. സമീപത്തെ സ്വകാര്യ കമ്പനിയിലേക്കും ഗ്ലോബൽ പബ്ലിക് സ്കൂളിലേക്കും തിരുവാണിയൂർ ചൂണ്ടിവഴി കോലഞ്ചേരിയിലേക്കും പോകാനുള്ള എളുപ്പ വഴിയാണിത്.

റോഡിന്റെ തകർച്ച സമീപത്തുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാരെയും ദുരിതത്തിൽ ആക്കി. മഴ പെയ്താൽ ചെളി, വെയിൽ തെളിഞ്ഞാൽ പൊടി, അതുമല്ലെങ്കിൽ വാരിക്കുഴി അങ്ങനെ പലതരം ബുദ്ധിമുട്ടുകൾ താണ്ടിവേണം ഈ റോഡിലൂടെ യാത്ര ചെയ്യാൻ.

ജലജീവന്‍ മിഷൻ പൈപ്പിടിൽ പകുതി മാത്രം പൂർത്തിയാക്കിയപ്പോൾ ഇതാണ് അവസ്ഥ. ബാക്കി നിർമ്മാണവും കൂടി നടത്തിയാൽ റോഡ് പുഴയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.

ജലജീവൻ മിഷൻ വർക്ക് കോൺട്രാക്ടറുടെയും പരാതിക്കാരുടെയും യോഗം ഉടനടി വിളിക്കും. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കും.

എം.ആർ. രാജേഷ്

പ്രസിഡന്റ്

ഗ്രാമപഞ്ചായത്ത്

ചോറ്റാനിക്കര