ആലുവ: ചൂർണിക്കരയിൽ 600ഓളം കുടുംബങ്ങൾ കിടപ്പാടമില്ലാതെ ബുദ്ധിമുട്ടുമ്പോൾ, അവർക്കായി കണ്ടെത്തിയ മിച്ചഭൂമി കളിസ്ഥലമാക്കാൻ പഞ്ചായത്ത് ശ്രമിക്കുന്നതായി ആരോപണം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്നും ലൈഫ് ഭവനപദ്ധതി വൈകിപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ലൈഫ് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
വൃദ്ധരും രോഗികളും വിധവകളുമടങ്ങിയ 600ൽ പരം കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി കണ്ടെത്തിയ അശോകപുരത്തെ മിച്ചഭൂമിയാണ് ഇപ്പോൾ കളിസ്ഥലമാക്കാൻ ശ്രമിക്കുന്നത്. ദേശീയപാത വികസനത്തിൽ വീട് നഷ്ടപ്പെട്ട 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച ശേഷം ബാക്കി വന്ന ഒരേക്കർ ഭൂമി ലൈഫ് ഭവന പദ്ധതിക്കായി ഏറ്റെടുക്കുന്ന നടപടികൾ അവസാന ഘട്ടത്തിലായിരുന്നു. ഈ സാഹചര്യത്തിൽ, പകരം മറ്റൊരു ഭൂമി വാങ്ങുമെന്ന പഞ്ചായത്തിന്റെ പ്രഖ്യാപനം വീടില്ലാത്തവരോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
പുതിയ ഭൂമി വാങ്ങാനുള്ള നീക്കം;
ഫണ്ട് അനിശ്ചിതത്വത്തിൽ
ഭൂരഹിതർക്കായി 1.10 കോടി രൂപ ചെലവിട്ട് ഭൂമി വാങ്ങാൻ ഏപ്രിൽ 8ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന് സർക്കാർ അനുമതി ലഭിച്ചെന്നാണ് നിലവിലെ പ്രചാരണം. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ഭൂമി കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള തുകയ്ക്കും ഹഡ്‌കോ വായ്പയ്ക്കുമായി ഗൗരവമായ കത്തിടപാടുകൾ പോലും നടത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമായതായി ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
ഫണ്ട് സമാഹരണം:
ജില്ലാ പഞ്ചായത്ത് 50 ലക്ഷം വിഹിതം.
ഹഡ്‌കോ വായ്പയായി 35 ലക്ഷം രൂപ.
തനത് ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ
അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
പഞ്ചായത്തിന്റെ തെറ്റായ നടപടിക്കെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ലൈഫ് ആക്ഷൻ കമ്മിറ്റി കൺവീനർ പി. നാരായണൻകുട്ടി അറിയിച്ചു.