പള്ളുരുത്തി: അജ്ഞാത വാഹനം ഇടിച്ച് ഇടക്കൊച്ചി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റൽ വില്ലയിൽ ഹെൻട്രി ലൂയിസിനാണ് (62) പരിക്കേറ്റത്. അപകടമുണ്ടാക്കിയ വാഹനം കടന്നുകളഞ്ഞു. വ്യാഴാഴ്ച രാവിലെ 6 മണിയോടെ ഇടക്കൊച്ചി കോഴിക്കൂട് ബസ് സ്റ്റോപ്പിന് സമീപമുള്ള ചാക്കോളാസ് ഫ്ലാറ്റിന് മുൻവശത്തായിരുന്നു സംഭവം. പരിക്കേറ്റ് റോഡരികിൽ കിടന്നിരുന്ന ഇയാളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കും കണ്ണിലും നെഞ്ചിലും പരിക്കേറ്റ ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.