മട്ടാഞ്ചേരി: കൊച്ചി കോർപ്പറേഷനിൽ ദിവസേന ആയിരക്കണക്കിന് ആട്, മാടുകളെ അറവ് നടത്തിയാണ് ഇറച്ചിവില്പന നടത്തുന്നത്. ഇത് എത്രമാത്രം സുരക്ഷിതമാണെന്ന് ആരോഗ്യ വിഭാഗത്തിന് തന്നെ ഒരു അറിവുമില്ല. പക്ഷെ ഇവരെ ദിനംപ്രതി ഇറച്ചിക്കടകളുടെ മുന്നിൽ കാണുന്നുമുണ്ട്. കൊച്ചി കോർപ്പറേഷന്റെ കീഴിലുള്ള ആകെയുള്ള ഒരു അറവുശാല കലൂരിലാണ്. അവിടെ ദിനംപ്രതി 90 ആടുകളെയും 120 മാടുകളെയുമാണ് അറക്കുന്നത്. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പരിശോധന നടത്തി അറവ് ചെയ്യുന്നത് ഈ 210 കന്നുകാലികളെ മാത്രം.

പശ്ചിമ കൊച്ചിയിലും കൊച്ചിയുടെ മറ്റു ഭാഗങ്ങളിലും അത്യാധുനിക രീതിയിലുള്ള അറവുശാലകൾ വേണമെന്ന ഇറച്ചി കച്ചവടക്കാരുടെയും നാട്ടുകാരുടെയും വർഷങ്ങളായിട്ടുള്ള ആവശ്യം അധികാരികൾ മുഖവിലയ്ക്കെടുക്കുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും കോർപ്പറേഷൻ അധികാരികൾക്കും പരാതി നൽകിയിട്ടും ഇത് വരെയും നടപടിയുമില്ല.

മട്ടാഞ്ചേരി ചക്കാമാടത്ത് മുമ്പ് ഉണ്ടായിരുന്ന അറവ് ശാല അടഞ്ഞു കിടക്കുന്നു. മാലിന്യം നിക്ഷേപിക്കുന്ന ഇടമായി ഇവിടം മാറി.

ആടു മാടുകളെ വെറ്റിനറി സർജൻ പരിശോധിച്ച് ഭക്ഷ്യയോഗ്യമായ ഇറച്ചിയാണെന്ന് ഉറപ്പ് വരുത്തി അറവ് നടത്തിക്കേണ്ട ചുമതല കോർപ്പറേഷൻ ഹെൽത്ത് വിഭാഗത്തിന്റേതാണ്. ആ ഉത്തരവാദിതത്വം നിറവേറ്റാത്ത ഹെൽത്ത് ഓഫീസർമാർക്കെതിരെ നടപടിയെടുക്കണം

ഷക്കീർ അലി

ആം ആദ്മി പാർട്ടി

പശ്ചിമ കൊച്ചിയിൽ ആളൊഴിഞ്ഞ വീടുകളിലും കാട് പിടിച്ച പറമ്പുകളിലുമാണ് അറവ് നടക്കുന്നത്. വില്പനയ്ക്കായി എത്തിക്കുന്ന ഇറച്ചികളിൽ കോർപ്പറേഷൻ സീലും ഇല്ലാത്ത സ്ഥിതിയാണ്. പശ്ചിമ കൊച്ചിയിൽ അറവ് ശാല തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കും.

ടി.കെ. അഷറഫ്

ചെയർമാൻ

സ്റ്റാൻഡിംഗ് കമ്മിറ്റി

ആരോഗ്യ വിഭാഗം

അറവ് ശാല ഇല്ലാതെ തോന്നിയ സ്ഥലത്ത് ആട് മാടുകളെ അറുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണം. ഹെൽത്ത് വിഭാഗം ഇറച്ചി പരിശോധന നടത്തി സീൽവച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ വില്പന നടത്താവൂ. അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും

ആന്റണി കുരീത്തറ

പ്രതിപക്ഷ നേതാവ്

കൊച്ചിൻ കോർപറേഷൻ