panchayat-

ആലുവ: രണ്ടര കോടി രൂപ ചെലവഴിച്ച് നവീകരിച്ച കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഇന്ന് വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. പഞ്ചായത്തിന്റെ വികസനരേഖയുടെ പ്രകാശനവും മുഖ്യപ്രഭാഷണവും ഹൈബി ഈഡൻ എം.പി. നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടുമുതൽ കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന വയലാർ ഗാനതരംഗിണിയുമുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു.

ആധുനിക സംവിധാനങ്ങളോടെയാണ് കെട്ടിടം നവീകരിച്ചത്. മൂന്നുനിലകളിലുള്ള കെട്ടിടമായിരുന്നെങ്കിലും അസൗകര്യങ്ങളായിരുന്നു. ഇടുങ്ങിയ വരാന്ത വീതികൂട്ടി. പൊതുജനങ്ങൾക്ക് വിശ്രമമുറി, സ്ത്രീകൾക്ക് പ്രത്യേക ഫീഡിങ്ങ് സംവിധാനത്തോടെയുള്ള വിശ്രമമുറി എന്നിവ തയ്യാറാക്കി. മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും സൗകര്യത്തിനായി ലിഫ്റ്റ് സംവിധാനവുമുണ്ട്. മൂന്നാംനിലയിൽ പ്രവർത്തിച്ചിരുന്ന കൃഷിഓഫീസ് കർഷകരുടെ സൗകര്യാർത്ഥം താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിച്ചു. എക്കോ ഷോപ്പും ആരംഭിച്ചു. 300 പേർക്ക് ഇരിക്കാവുന്നവിധം മുകളിലെ പ്രിയദർശിനി ഹാൾ പുതുക്കിപ്പണിതു. പുതിയ കോൺഫറൻസ്ഹാൾ, ഡൈനിംഗ് ഹാൾ എന്നിവ തയ്യാറാക്കി. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ഐ.ഡി.സി.എസ്. സൂപ്പർവൈസർ, വി.ഇ.ഒ, എൽ.എസ്.ജി.ഡി. അസി. എൻജിനീയർ, എന്നിവർക്ക് പ്രത്യേക ഓഫീസ് മുറികൾ തയ്യാറാക്കി. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരംസമിതി അദ്ധ്യക്ഷൻമാർ എന്നിവർക്ക് ഓഫീസും, പഞ്ചായത്തംഗങ്ങൾക്ക് പ്രത്യേക ഓഫീസുമുണ്ട്. ഇതിനുപുറമേ സോളാർ സംവിധാനത്തോടെ ഓഫീസ് മുഴുവൻ ശീതീകരിച്ചു. ഓട്ടോ സ്റ്റാൻഡ്, പഞ്ചായത്തോഫീസിനുമുമ്പിലുണ്ടായിരുന്ന അഡ്വ. ജോർജ് ഈഡൻ എം.പി സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇതുനോടുചേർന്ന് രാഷ്ട്രപിതാവിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിനു മുമ്പിലുണ്ടായിരുന്ന അക്ഷയ കേന്ദ്രത്തിനുപകരം പൊതുജനസേവനകേന്ദ്രം ആരംഭിക്കുകയാണ്.