മൂവാറ്റുപുഴ: മൂവാറ്റുപുഴ കാവ് ദേവി ക്ഷേത്രത്തിൽ നിന്നും നവരാത്രി ആഘോഷങ്ങൾക്ക് ശബ്ദസംവിധാനവും ലൈറ്റ് സംവിധാനവും ഒരുക്കുന്നതിനായി കൊണ്ടുവന്ന ജനറേറ്റർ കേബിൾ മോഷ്ടിച്ച പ്രതിയെ പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി ബിഷ്ണു മണ്ഡലിനെയാണ് (23) മൂവാറ്റുപുഴ സി.ഐ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ കേബിളുകൾ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബി.എസ്.എൻ.എൽ കേബിൾ മോഷ്ടിച്ച കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയാണ് കേബിളുകൾ മോഷ്ടിച്ചത്. രണ്ട് ജനറേറ്ററുകളിൽ ഘടിപ്പിച്ചിരുന്ന കേബിൾ ആണ് നഷ്ടപ്പെട്ടത്. അമ്പതിനായിരം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പ്രതിയെ കാവുംങ്കര മാർക്കറ്റ് ഭാഗത്ത്‌നിന്നാണ് പിടികൂടിയത്. ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.