fortkochi

ഫോർട്ട് കൊച്ചി: രാത്രിയായാൽ വെട്ടവും വെളിച്ചവുമില്ല,​ യാത്രക്കാർക്ക് ഇരിപ്പിടമില്ല,​ പേരിനുള്ള ഷെഡിൽ ഇരുചക്രവാഹനങ്ങൾ നിരന്ന് കിടക്കുന്നു,​ ടോയിലറ്റിന്റെ അവസ്ഥ പരിതാപകരം. ഒരു ബസ് സ്റ്റാൻഡിന്റെ വിവരണങ്ങളാണിവ. കേൾക്കുമ്പോൾ ഗ്രാമപ്രദേശത്തിലെ ആളനക്കമില്ലാത്ത ബസ് സ്റ്റാൻഡിനെ കുറിച്ചാണെന്ന് തോന്നുമെങ്കിലും സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് മേഖലയായ ഫോർട്ട് കൊച്ചി,​ മട്ടാഞ്ചേരി പ്രദേശങ്ങളുടെ അവസ്ഥയാണിത്. യാത്രക്കാരെ പോലെ ബസുകളും സ്റ്റാൻഡിനെ കൈയൊഴിഞ്ഞു. ബസുകൾ നിരത്തിയിടുന്നത് നടുറോഡിലാണ്. ബസ് സ്റ്റാൻഡുകൾ മാത്രമല്ല ഈ പ്രദേശങ്ങളിലെ അടിമുടി വികസനവും താളം തെറ്റിയ അവസ്ഥയിലാണ്.

കടൽ കാണാൻ എത്തുന്നവർ വെള്ളത്തിൽ ഇറങ്ങി അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ഗാർഡുമാരുടെ കുറവും ഒരു കാരണമായിരിക്കുകയാണ്. ബീച്ച് വിദേശികൾ ചേർന്ന് ശുചീകരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടാക്കിയിരുന്നു. ശേഷം പേരിന് മാത്രമാണ് ഇപ്പോൾ ശുചീകരണം നടക്കുന്നത്.

വൃത്തിയില്ല,​ ലിസ്റ്റിൽ നിന്ന് ഔട്ട്

ഫോർട്ട് കൊച്ചി ബീച്ചിലേക്ക് കയറിയാൽ വൃത്തിഹീനമാണ്. തെരുവ് നായ്ക്കളും ഇഴജന്തുക്കളും പക്ഷിമൃഗാദികളാലും അലങ്കോലമാണ് ഈ പ്രദേശം. ദിനംപ്രതി മാലിന്യങ്ങൾ നീക്കം ചെയ്യാത്തതാണ് പ്രധാന കാരണം. മുൻ കാലങ്ങളിൽ ചെറുകിട വ്യാപാരികൾ ഇവിടം വൃത്തിയാക്കുമായിരുന്നു.

സ്ഥിരമായി ബീച്ചും പരിസരവും ഗുചീകരിക്കാൻ ദിനം പ്രതി ജീവനക്കാർ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വൃത്തിയുടെ കാര്യത്തിൽ പുറകിൽ പോയതോടെ കേരളത്തിലെ മികച്ച ബീച്ചുകളിൽ നിന്നും ഫോർട്ട് കൊച്ചി ബീച്ച് ഔട്ടായിരുന്നു.

നടപ്പാതയിലെ ഇരിപ്പിടങ്ങളും മറ്റും നശിപ്പിച്ച നിലയിൽ

മിച്ചമുണ്ടായിരുന്ന ഇരിപ്പിടങ്ങൾ കടലെടുത്തു

പേടിസ്വപ്നമായി കടൽ പാമ്പുകൾ

തെരുവ് നായ ശല്യം

 സന്ധ്യയായാൽ ബീച്ച് പരിസരം സാമൂഹ്യ വിരുദ്ധ കേന്ദ്രം

 വഴി വിളക്കുകൾ പലതും പ്രവർത്തിക്കുന്നില്ല.

പകൽ സമയങ്ങളിൽ കമിതാക്കളുടെ കേന്ദ്രം

ടൂറിസ്റ്റ് പൊലീസ് സേവനം മതിയായ വിധത്തിലല്ല

ദിവസേന എത്തുന്ന ആയിരക്കണക്കിന് ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടി ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡുകൾ പണിയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം

ഷക്കീർ അലി

ആം ആദ്മി ഭാരവാഹി

പൊതു ജനം കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അങ്ങിങ്ങായി കാണാൻ കഴിയും. കൃത്യമായി മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികാരികൾ തയ്യാറാകണം

മുജീബ് റഹ്മാൻ

സാമൂഹ്യ പ്രവർത്തകൻ