kizhakkekara-road

മൂവാറ്റുപുഴ: തകർന്നു തരിപ്പണമായ കിഴക്കേക്കര അടൂർപറമ്പ് റോഡിൽ വെള്ളക്കെട്ടും രൂക്ഷമായതോടെ യാത്രക്കാർ അതീവ ദുരിതത്തിൽ. കിഴക്കേക്കര ഈസ്റ്റ് ഹൈസ്‌കൂളിന് മുന്നിൽ നിന്ന് അടൂർ പറമ്പ് മാവിൻചുവട് വരെ രണ്ടര കിലോമീറ്റർ ദൂരമാണ് ആകെ തകർന്ന് തരിപ്പണമായിരിക്കുന്നത്. ബി.എം ബി.സി നിലവാരത്തിൽ നിർമ്മിച്ച റോഡിൽ ഭാരവാഹനങ്ങളുൾപ്പെടെ പതിവായി കടന്നുപോയതോടെയാണ് കുഴികളും ചാലുകളും രൂപപ്പെട്ടത്. നഗരവികസനത്തിന്റെ ഭാഗമായി മൂന്നുമാസം മുമ്പ് വാഹന ഗതാഗതം ഇതുവഴി തിരിച്ചുവിട്ടതാണ് തകർച്ചയ്ക്ക് കാരണമായത്. എം.സി റോഡ് വഴി കോട്ടയം ഭാഗത്തേയ്ക്കും മൂവാറ്റുപുഴ, തൊടുപുഴ, പുനലൂർ ഭാഗത്തേയ്ക്കും ആരക്കുഴ, ആലപ്പുഴ, പണ്ടപ്പിള്ളി ഭാഗത്തേയ്ക്കുമുള്ള വാഹനങ്ങളാണ് ഇതുവഴി തിരിച്ചുവിട്ടത്. കൂടാതെ അന്തർ സംസ്ഥാന ചരക്കു വണ്ടികളും ടിപ്പർ ലോറി, ടോറസ് വാഹനങ്ങളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്.

ചെറുവാഹനങ്ങളും ഇടത്തര വാഹനങ്ങളും കടന്നുപോകേണ്ട റോഡിലൂടെ രാത്രിയും പകലും എന്നില്ലാതെ അമിതഭാരം വഹിച്ചുള്ള വാഹനങ്ങൾ സ്ഥിരമായി കടന്നുപോയതാണ് തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. റോഡിന്റെ ഇരുഭാഗത്തും ഓടകളും ചപ്പാത്തുകളും ദുർബലമായതോടെ വലിയ വാഹനങ്ങളെ ഉൾക്കൊള്ളാൻ പ്രാപ്തമല്ലാത്ത അവസ്ഥയായി. കനത്ത മഴയും റോഡിന്റെ തകർച്ചയ്ക്ക് കാരണമായിട്ടും യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിയില്ല.

ഇട തടവില്ലാതെ വാഹനങ്ങൾ കടന്നുപോയതോടെ റോഡിന്റെ അടിത്തട്ട് ഇളകുകയും കലുങ്കുകൾ പലതും തകരുകയും ഓടകളിൽ മണ്ണ് അടിഞ്ഞു കൂടുകയും ചെയ്തു. റോഡുകൾ തകർന്നതോടെ വാഹനങ്ങൾ നിയന്ത്രണം വിട്ട് ക്ഷേത്രത്തിന്റെയും സ്കൂളിന്റെയും സ്വകാര്യ വ്യക്തികളുടെയും ചുറ്റുമതിലുകൾ തകർത്തിട്ടുണ്ട്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടും പൊതുമരാമത്ത് റോഡ് വിഭാഗം നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

റോഡ് വികസനത്തിന്റെ ഭാഗമായി വാഹനങ്ങൾ ഇതുവഴി തിരിച്ചുവിട്ടതും അമിതഭാരം കയറ്റിയ വാഹനങ്ങൾ ഓടിത്തുടങ്ങിയതും റോഡ് തകരാൻ കാരണമായി. കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ മെറ്റിലും ടാറും ഉപയോഗിച്ച് അടച്ചിട്ടുണ്ട്. ഇടവിട്ടുള്ള മഴയും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. വെള്ളക്കെട്ട് ഭാഗങ്ങളിൽ കട്ടകൾ വിരിച്ച് പരിഹാരമുണ്ടാക്കാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ജൂലിൻ ജോസ്

അസി. എക്സി. എൻജിനിയർ

പി.ഡബ്ല്യു.ഡി

റോഡ് വിഭാഗം