ആലുവ: ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നേരെയുള്ള വെല്ലുവിളികളെ അതീവ ജാഗ്രതയോടെ നേരിടണമെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ പറഞ്ഞു. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് ഏർപ്പെടുത്തിയ ചതയോപഹാരം പുരസ്കാരം മുതിർന്ന അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ അഡ്വ. വി.പി. സീമന്തിനിക്ക് സമ്മാനിക്കുകയായിരുന്നു സ്വാമി.
അടുത്ത കാലത്തായി ആലുവ മുനിസിപ്പൽ അധികാരികളിൽ നിന്ന് അദ്വൈതാശ്രമത്തിന് പല വിഷമതകളും ഉണ്ടാകുന്നുണ്ട്. ഇതിനെ ശ്രീനാരായണീയർ ഒറ്റക്കെട്ടായി നേരിടണം. കഴിഞ്ഞ ദിവസം പള്ളുരുത്തി ഇടക്കൊച്ചി കണ്ണങ്ങാട്ട് ദേവീക്ഷേത്രത്തോട് ചേർന്ന ഭൂമി അനധികൃതമായി മാഫിയ സംഘം മണ്ണിട്ട് നികത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നുവെന്നും സ്വാമി പറഞ്ഞു.
ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ അദ്ധ്യക്ഷയായി. സ്വാമി വിശ്രുതാനന്ദ, ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ. മോഹനൻ, പച്ചാളം വനിതാ സംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷണൻ, ശ്രീരാജ് രമേശൻ, വി.ഡി. ജയപാൽ, പി.എസ്. രാമകൃഷ്ണൻ, ട്രസ്റ്റ് വൈസ് ചെയർമാൻ വി.എസ്. സുരേഷ്, ശാരദ തുടങ്ങിയവർ പ്രസംഗിച്ചു.