കൊച്ചി: സഹപ്രവർത്തകനായ ഓട്ടോ ഡ്രൈവറെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡിലെ ഓട്ടോ ഡ്രൈവർമാരായ പള്ളുരുത്തി വലിയവീട്ടിൽ കെ.എ. അനീഷ്, ആലുവ മുപ്പത്തടം കയന്റിക്കര നെടുംപിള്ളിച്ചാലിൽ എ.ആർ. സമീർ എന്നിവരാണ് നോർത്ത് പൊലീസിന്റെ പിടിയിലായത്.
വെണ്ണല സ്വദേശി സാദിക് ഹുസൈനെയാണ് (53) കഴിഞ്ഞ 19ന് പുലർച്ചെ 4.30ന് റെയിൽവേ സ്റ്റേഷൻ റോഡിലെ ഹോട്ടലിന് മുന്നിൽ ആക്രമിച്ചത്. മൂന്നു പേരും രാത്രികാല ഓട്ടോഡ്രൈവർമാരാണെന്ന് പൊലീസ് പറഞ്ഞു.
സിറ്റി പെർമിറ്റുള്ള ശ്യാം എന്ന ഓട്ടോഡ്രൈവർ ഇവർക്കൊപ്പം രാത്രികാല ഓട്ടത്തിനായി എത്തിയപ്പോൾ പ്രതികൾ തടയുകയും ഓടാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ശ്യാമിനെ തടഞ്ഞത് സാദിക് ഹുസൈൻ എതിർത്തതാണ് പ്രകോപനത്തിന് കാരണം. പുലർച്ചെ ഹോട്ടലിന് മുന്നിൽ വച്ച് സമീറാണ് സാദികിനെ തടഞ്ഞുവച്ചത്. തുടർന്ന അനീഷ് കണ്ണാടി ഗ്ലാസ് ഉപയോഗിച്ച് തലയ്ക്കടിച്ച് മുറിവേൽപ്പിക്കുകയും നെഞ്ചിലും മുഖത്തുമിടിച്ച് പരുക്കേൽപ്പിക്കുയും ചെയ്തു. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ സാദിക്കിന്റെ തലയിൽ നാല് തുന്നിക്കെട്ടുണ്ടായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ നോർത്ത് പ്രിൻസിപ്പൽ എസ്.ഐ എയിൻ ബാബുവിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.