1
ഇടക്കൊച്ചി കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ ലോറിയിൽ നിന്ന് തെറിച്ചുവീണ ചെളി

പള്ളുരുത്തി: ഇടക്കൊച്ചിയിൽ ലോറിയിൽ കൊണ്ടു പോകുകയായിരുന്ന കട്ടിയായ ചെളി റോഡിലേക്ക് തെറിച്ചു വീണ് വാഹന യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. ഇടക്കൊച്ചി കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വലിയ ടോറസ് ലോറിയിൽ ഉണ്ടായിരുന്ന ചെളി ഡോർ ലോക്ക് ചെയ്യാതിരുന്നതിനെ തുടർന്നാണ് റോഡിലേക്ക് വീണത്. റോഡിൽ ഏതാണ്ട് 200 മീറ്ററോളം ചെളി നിരന്നു കിടന്നു. വാഹനങ്ങൾ വഴി തിരിച്ചു വിടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും അത് വകവയ്ക്കാതെ കടന്നുപോയ ഇരുചക്രവാഹന യാത്രക്കാർക്കാണ് റോഡിൽ തെന്നി വീണ് പരിക്കേറ്റത്.

ചെളി നീക്കാൻ താമസിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വാർഡ് കൗൺസിലർ ജീജ ടെൻസൻ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയെങ്കിലും വെള്ളം ഉപയോഗിച്ച് മാറ്റുവാൻ സാധിക്കാത്ത നിലയിലുള്ള ചെളിയായതിനാൽ ഫയർഫോഴ്സ് മടങ്ങി. തുടർന്ന് വാഹന ഉടമയെ കൗൺസിലർ വിളിച്ചു വരുത്തി. വാഹന ഉടമ ജെ.സി.ബിയും ജോലിക്കാരെയും എത്തിച്ച് മണിക്കൂറുകൾ എടുത്താണ് ചെളി നീക്കം ചെയ്തത്. ഇതിനിടെ മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടുകളിലേക്കും ചെളി ഒഴുകിയെത്തി.