കൊച്ചി: തുരുത്തി ഇരട്ട ഫ്‌ളാറ്റ് സമുച്ചയത്തിനായി അനുമതി നേടിയെടുത്തതും പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും യു.ഡി.എഫ് ഭരണസമിതികളാണെന്ന് കോൺഗ്രസ്. കൊച്ചിയിലെ മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ എന്നിവരാണ് അവകാശവാദമുന്നയിച്ചത്. എറണാകുളം ഡി.സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസിനൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു ഇവർ. അന്ന് സി.പി.എമ്മാണ് പദ്ധതിക്കെതിരെ കൗൺസിൽ യോഗത്തിൽ ആരോപണങ്ങൾ ഉന്നയിച്ചത്. മേയറായിരുന്ന സൗമിനി ജെയ്‌നെതിരെ അവിശ്വാസ പ്രമേയം വരെ കൊണ്ടു വന്നു. ജനങ്ങൾ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുമെന്നും മുൻ മേയർമാർ പറഞ്ഞു.
പദ്ധതി ഇല്ലാതാക്കാൻ ബോധപൂർവം ശ്രമിച്ചവരാണ് സി.പി.എമ്മുകാരെന്നും അവരുടെ എതിർപ്പ് മൂലം പൊലീസ് സഹായത്തിൽ കൗൺസിൽ നടത്തുന്ന അവസ്ഥ ഉണ്ടായെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് ചേരി നിർമ്മാർജ്ജനത്തിനായി നടപ്പിലാക്കിയ ഭവന നിർമാണ പദ്ധതിയുടെ ഭാഗമാണ് തുരുത്തി ഫ്‌ളാറ്റ് പദ്ധതി. തുടക്കം മുതൽ പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നതെന്നും ഷിയാസ് കുറ്റപ്പെടുത്തി.
എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമാ തോമസ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, എം.ജി. അരിസ്റ്റോട്ടിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.