കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പുതിയ ഐ.പി ബ്ലോക്ക് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഉടൻ അനുകൂല തീരുമാനം ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം ഒരു മാസത്തിനകം പ്രവർത്തനം ആരംഭിക്കും. ഫോറൻസിക് സർജനും ഉടൻ എത്തുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എറണാകുളം പോലെയുള്ള മെട്രോ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ ഫോറൻസിക് സർജന്റെ സേവനം അത്യാവശ്യമാണ്. നിയമനമാകുന്നതോടെ രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.
ആധുനികവത്കരിച്ച മോർച്ചറി സമുച്ചയം, നവീകരിച്ച കാത്ത് ലാബ്, സ്‌ട്രോക് ഐ.സി.യു, ക്വിയിർ ഫ്രണ്ട്ലി ക്ലിനിക്, ശ്രുതി തരംഗം പദ്ധതി എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കേൾവിക്കുറവുള്ളവർക്ക് കോക്ലിയർ ഇംപ്ലാന്റ് ഉൾപ്പടെയുള്ള ചികിത്സ നൽകുന്ന പദ്ധതിയാണ് ശ്രുതി തരംഗം. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. ഒരു വർഷം നീണ്ടു നിൽക്കുന്ന അവയവദാന ക്യാമ്പയിൻ നടൻ വിനയ് ഫോർട്ട് ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷഹിർഷാ, ഡി.എം.ഒ ഡോ. ആശാദേവി, ആശുപത്രി വികസനസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.