ആലുവ: ശിവഗിരിയും ചെമ്പഴന്തിയും പോലെ പവിത്രമായ ആലുവ അദ്വൈതാശ്രമത്തിന്റെ ഭൂമി സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ കടമയാണെന്ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.
ആലുവ അദ്വൈതാശ്രമത്തിലെ ഗുരുമണ്ഡപത്തിൽ ഗുരുപ്രതിഷ്ഠയുടെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. അദ്വൈതാശ്രമത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് പ്രാർത്ഥനയിലൂടെ മന:ശാന്തിയും സമാധാനവും ലഭിക്കുന്നു. അദ്വൈതാശ്രമത്തിന്റെ മണ്ണിൽ നിന്നാണ് ശാന്തിഗിരിയുടെ സ്ഥാപകൻ സ്വാമി കരുണാകര ഗുരു ആത്മീയ ജീവിതം ആരംഭിച്ചതെന്നും സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.
സമ്മേളനത്തിൽ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അദ്ധ്യക്ഷനായി. സ്വാമി വിശ്രുതാനന്ദ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ പി.പി. സനകൻ, നഗരസഭ കൗൺസിലർമാരായ ശ്രീലത രാധാകൃഷ്ണൻ, എൻ. ശ്രീകാന്ത്, മേൽശാന്തി പി.കെ. ജയന്തൻ, സജീവൻ നാണു, നാരായണഋഷി, സി.ആർ. ലെനിൻ എന്നിവർ സംസാരിച്ചു.
ഇന്നലെ രാത്രി ഏഴ് മണിയോടെ നടന്ന പ്രതിഷ്ഠയ്‌ക്കും ഗുരുപൂജയ്‌ക്കും നവരാത്രി പൂജയ്‌ക്കും സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി ധർമ്മ ചൈതന്യ, പി.കെ. ജയന്തൻ, നാരായണഋഷി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ കൗൺസിലർമാരായ കെ.കെ. മോഹനൻ, ചന്ദ്രൻ അടുവാശേരി, സിജുകുമാർ, സുനിൽഘോഷ്, ശ്രീനാരായണ സാംസ്കാരിക സമിതി ഭാരവാഹി എൻ.കെ. ബൈജു, പി.ആർ. രാജേഷ്, വിപിൻദാസ് തുടങ്ങി നിരവധി ഭക്തർ പങ്കെടുത്തു.