veena

പെരുമ്പാവൂർ: ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പെരുമ്പാവൂർ താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌കരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ നിന്നാണ് ബെന്നി ബഹന്നാൻ എം.പി ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളും നഗരസഭയിലെ ഭരണപക്ഷ അംഗങ്ങളും വിട്ടുനിന്നത്. ചടങ്ങിൽ അദ്ധ്യക്ഷനായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പങ്കെടുത്തു.

ചടങ്ങിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബാനർ വയ്‌ക്കുന്നതിനും സമീപ മണ്ഡലത്തിലെ എം.എൽ.എ പി.വി. ശ്രീനിജിനെ ക്ഷണിച്ചതിനുമെതിരെ മുനിസിപ്പൽ ചെയർമാൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

അവസാന നിമിഷം ക്ഷണിച്ചതിനാൽ പ്രതിഷേധിച്ച് പി. വി. ശ്രീനിജിൻ എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തില്ല. വേദിയിൽ ഒരു ബാനർ പോലും സ്ഥാപിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ ഫോട്ടോ ഒഴിവാക്കി വിവാദം ഒഴിവാക്കാനാണ് ബാനർ കെട്ടാതിരുന്നത്. യു.ഡി.എഫ് അംഗങ്ങൾ ചടങ്ങ് ബഹിഷ്‌കരിക്കാൻ കാരണം തരംതാണ രാഷ്ട്രീയ നിലപാടുകളാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു.

 വികസനത്തിന് മൂന്ന് കോടി: മന്ത്രി

രണ്ടു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് താലൂക്ക് ആശുപത്രിയിൽ നടന്നത്. വികസനത്തിനായി 3 കോടി രൂപ കൂടി അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ചടങ്ങിൽ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൻ.സി. മോഹനൻ, ഏരിയാ സെക്രട്ടറി സി.എം. അബ്ദുൾ കരിം, സി.ഐ.ടി.യു. ഏരിയാ ട്രഷറർ കെ.ഇ. നൗഷാദ്, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി പി. അനിൽ കുമാർ, കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ബാബു ജോസഫ്, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ, പോൾ വർഗീസ് എന്നിവർ സംസാരിച്ചു.