കൊച്ചി: കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് മരിച്ച മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ഫായിഹ ഷെയ്ക്കിന് സഹപാഠികൾ വിട ചൊല്ലി. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 11 ഓടെ കോളേജിലെ ഓൾഡ് ലൈബ്രറി കെട്ടിടത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും അന്തിമോപചാരം അർപ്പിച്ചു. കോളേജ് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. ജി.എൻ. പ്രകാശ്, ജിയോളജി വകുപ്പ് മേധാവി പ്രൊഫ. കെ.എ. വിനീഷ്, കോളേജ് യൂണിയൻ ചെയർമാൻ അഫ്രീദ് മുഹമ്മദ് എന്നിവർ സന്നിഹിതരായി. കബറടക്കം വൈകിട്ട് പാലക്കാട് നടന്നു.