കൊച്ചി: ഗായകൻ മധു ബാലകൃഷ്ണന്റെ പുതിയ സംരംഭമായ പർപ്പിൾ ബാൻഡിന്റെ ഉദ്ഘാടനം ലുലുമാളിൽ അരങ്ങേറി. മധു ബാലകൃഷ്‌ണന്റെ അമ്മ ലീലാവതിയും ഭാര്യ ദിവ്യയുടെ മാതാവ് സാവിത്രിയും ചേർന്ന് നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു. ബാൻഡിന്റെ ആദ്യ അവതരണം സദസിന്റെ നിറഞ്ഞ കൈയടി ഏറ്റുവാങ്ങി. മധു ബാലകൃഷ്ണൻ പാടിയ ഏറ്റവും മനോഹരമായ ഗാനങ്ങൾ കോർത്തിണക്കിയാണ് ലൈവ് ഷോ അരങ്ങേറിയത്. അച്ഛനൊപ്പം മകൻ മാധവ് ബാലകൃഷ്ണന്റെ തുറന്ന വേദിയിലെ അരങ്ങേറ്റവും ഗംഭീരമായി.
സംഗീത ജീവിതത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന മധു ബാലകൃഷ്ണനെ ലുലുമാൾ ആദരിച്ചു. ലുലുവിന്റെ ഉപഹാരം സംവിധായകനും നടനുമായ മേജർ രവിയും ക്യാൻസർ രോഗവിദദ്ധൻ ഡോ. പി.വി ഗംഗാധരനും ചേർന്ന് കൈമാറി. ലുലു മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, കൊച്ചി ലുലു റീജണൽ ഡയറക്ടർ സുധീഷ് നായർ, ജനറൽ മാനേജർ വിഷ്ണു ആർ. നാഥ്, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, നടൻ ശേഖർ മേനോൻ, സംഗീത സംവിധായകൻ രജിൻ രാജ്, നടി കൃഷ്ണപ്രഭ എന്നിവർ ആശംസയർപ്പിച്ചു.