കാക്കനാട്: കൊച്ചിയിലെ രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി (ആർ.എസ്.ഇ.ടി)യുടെ 25-ാം വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വേദിയിൽ സ്വയം ചലിച്ചെത്തിയ റോബോട്ടിന് മുകളിൽ സ്ഥാപിച്ച മെഴുകുതിരി കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. രാജഗിരി എൻജിനിയറിംഗ് കോളേജ് കഴിഞ്ഞ കാൽനൂറ്റാണ്ടായി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജുകളുടെ കെ.ഐ.ആർ.എഫ് 2024 റാങ്കിംഗിൽ ഒന്നാം സ്ഥാനം രാജഗിരികോളേജ് നേടിയത് അഭിനന്ദനർഹമാണെന്നും തൊഴിൽ നൈപുണ്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനമായി കേരളത്തെ മാറ്റിത്തീർക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.എം.ഐ.എസ്.എച്ച് പ്രോവിൻഷ്യലും ആർ.എസ്.ഇ.ടി മാനേജരുമായ ഫാ. ബെന്നി നാൽക്കര അദ്ധ്യക്ഷനായി. വ്യവസായ മന്ത്രി പി.രാജീവ്, ഉമാ തോമസ് എം.എൽ.എ, കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ, ഐ.ബി.എസ് സോഫ്‌റ്റ്‌വെയർ ചെയർമാൻ വി.കെ. മാത്യൂസ്, പ്രിൻസിപ്പൽ ഡോ. ജയ്‌സൺ പോൾ മുലേരിക്കൽ സി.എം.ഐ, ഡയറക്ടർ ഡോ. ജോസ് കുരിയേടത്ത് സി.എം.ഐ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജോയൽ ജോർജ് പുള്ളോലിൽ സി.എം.ഐ എന്നിവർ സംസാരിച്ചു. ഇന്ത്യയുടെ ആക്‌സിയം 4 സ്‌പേസ് മിഷൻ ഗ്രൂപ്പ് ക്യാപ്ടൻ പ്രശാന്ത് ബി. നായരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.