കൊച്ചി: സിറോമലാബാർ സഭയിലെയും പ്രത്യേകിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെയും സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് കാത്തലിക് നസ്രാണി അസോസിയേൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സഭാസ്ഥാപനങ്ങളുടെ കണക്കുകളിൽ കൃത്രിമം കാട്ടി കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പുകൾ നടക്കുന്നുണ്ട്. സഭാസ്ഥാപനങ്ങളിൽ നിന്നുള്ള കോടിക്കണക്കിന് രൂപ വീതിച്ചെടുക്കുകയാണ്. ഇതു ചർച്ചചെയ്യാൻവിദഗ്ധരെയും സഭാനേതാക്കളെയും പങ്കെടുപ്പിച്ച് കാത്തലിക് നസ്രാണി അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ അവസാനവാരം എറണാകുളത്ത് ഓപ്പൺഫോറം സംഘടിപ്പിക്കും.

ആത്മീയ കാര്യങ്ങൾ പുരോഹിതരും ഭൗതിക കാര്യങ്ങൾ അൽമായരും നോക്കുന്ന സംവിധാനം സഭയിൽ നടപ്പാക്കണം. സിനഡിലും മറ്റ് കമ്മിറ്റികളിലും അൽമായ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

അസോസിയേഷൻ ചെയർമാൻ ഡോ. എം.പി.ജോർജ്, കൺവീനർ ജോസ് പാറേക്കാട്ടിൽ, ഭാരവാഹികളായ ഷിബു സെബാസ്റ്റ്യൻ, ബൈജു ഫ്രാൻസിസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.