കളമശേരി: തലമുറകളെ പ്രചോദിപ്പിക്കുന്ന ബഹുമുഖപ്രതിഭയും സാധാരണ തൊഴിലാളികളുടെ ദൈനംദിന ആവശ്യങ്ങൾ പോലും കണ്ടറിഞ് പരിഹരിച്ചിരുന്ന മനുഷ്യസ്നേഹിയുമായിരുന്നു എം.കെ.കെ. നായരെന്ന് മുൻ എം.പിയും ജി.സി.ഡി.എ ചെയർമാനുമായ കെ. ചന്ദ്രൻ പിള്ള പറഞ്ഞു. എം.കെ.കെ. നായർ അനുസ്മരണ സമിതി ഓണം സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാക്കനാട് മുനിസിപ്പൽ കോ ഓപ്പറേറ്റീവ് ആശുപത്രി പ്രസിഡന്റ് എം.പി. സുകുമാരൻ നായർ അദ്ധ്യക്ഷനായി. സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ എം.സി. ദിലീപ് കുമാർ, എഴുത്തുകാരൻ എൻ.ഇ. സുധീർ, സിയാൽ മുൻ ഡയറക്ടർ എ.സി.കെ. നായർ, സംഗീത നാടക അക്കാഡമി മുൻ വൈസ് ചെയർമാൻ ടി.എം. ഏബ്രഹാം, കളമശേരി പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. അനിരുദ്ധൻ എന്നിവർ സംസാരിച്ചു. തുടർന്ന് ആലുവ എം.കെ.കെ.നായർ സ്മാരക കഥകളി വിദ്യാലയം കഥകളി അവതരിപ്പിച്ചു.