
അങ്കമാലി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിവർഷത്തിൽ നാശം സംഭവിച്ച ജാതി കൃഷിയിടങ്ങളിൽ കൃഷി വകുപ്പിന്റെ സംസ്ഥാനതല വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി. മൂക്കന്നൂർ ജാതി കർഷക സംരക്ഷണ സമിതി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ റോജി എം. ജോൺ എം.എൽ.എ. വിഷയം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് സംഘം പരിശോധനക്കെത്തിയത്.
നാശനഷ്ടങ്ങൾ
മദ്ധ്യകേരളത്തിലെ പ്രധാന വാണിജ്യ വിളയായ ജാതി കൃഷിക്ക് അതിവർഷം കാരണം വലിയ നാശനഷ്ടമാണുണ്ടായത്. മരങ്ങളുടെ ഇല, പൂവ്, കായ്കൾ എന്നിവ അനിയന്ത്രിതമായി കൊഴിഞ്ഞുപോയത് കാരണം മരങ്ങൾ നശിക്കുകയും വിളവ് പൂർണമായി നഷ്ടപ്പെടുകയും ചെയ്തു. വൃക്ഷങ്ങളിൽ ഭൂരിഭാഗവും ഇലകൾ കൊഴിഞ്ഞ് കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. ഇത് മേഖലയിലെ കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന
മൂക്കന്നൂർ, കറുകുറ്റി, തുറവൂർ, മലയാറ്റൂർ, മഞ്ഞപ്ര, കാലടി എന്നീ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളാണ് സംഘം സന്ദർശിച്ചത്. വിശദമായ പരിശോധനയ്ക്കായി സംഘം മണ്ണും ഇലയും ശേഖരിച്ചു. കോഴിക്കോട് കേന്ദ്ര സുഗന്ധ വിള, ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരായ ഡോ. സി. എൻ. ബിജു, ഡോ. മുഹമ്മദ് നിസാർ, വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഡോ. എസ്. ജെ. ശ്രീജ, ഓടക്കാലി മെഡിസിനൽ പ്ലാന്റ് ഗവേഷണ കേന്ദ്രത്തിലെ ഡോ. ജ്യോതി നാരായണൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ഫാൻസി പരമേശ്വരൻ, ജോളി എം. ജോസഫ്, കൃഷി അസി. ഡയറക്ടർ സരിത മോഹൻ, ആത്മ ഡയറക്ടർ വിധുവർക്കി, കൃഷി ഓഫീസർ, എൻ. എസ്. നീതു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധിച്ചത്. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിബീഷ്, ജാതി കർഷക സംരക്ഷണസമിതി ഭാരാവാഹികളായ ടി. എം. വർഗീസ്, ഏല്യാസ് കെ. തരിയൻ, എം. പി. ദേവസി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.