തൃക്കാക്കര : തൃക്കാക്കര നഗരസഭ പരിധിയിലെ പ്രദേശങ്ങളിലെ തെരുവുനായ ശല്യം ദിനംപ്രതി രൂക്ഷമാകുന്നതായി പരാതി. കുറച്ചുനാൾ മുമ്പ് വരെ ചില പ്രദേശങ്ങളിൽ മാത്രമായിരുന്നു.എന്നാൽ ഇപ്പോൾ തൃക്കാക്കര നഗരസഭയുടെ മുഴുവൻ പ്രദേശത്തും തെരുവ് നായ്ക്കൾ വിലസുകയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ തെരുവുനായ്ക്കളെ ഭയന്നാണ് റോഡിലൂടെ യാത്ര ചെയ്യുന്നത്. റോഡരികിൽ കുന്നുകൂടുന്ന മാലിന്യകൂമ്പാരങ്ങളിൽ തെരുവുനായ്ക്കൾ പെറ്റുപെരുകി നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു.
തെരുവു നായകൾ റോഡിലിറങ്ങി വാഹനങ്ങൾക്ക് കുറുകെ ചാടി അപകടമുണ്ടാക്കുന്നതും പതിവാണ്. നാളുകൾക്കു മുൻപ് വരെ മാലിന്യ കൂമ്പാരങ്ങളുള്ള പ്രദേശങ്ങളിൽ മാത്രമാണ് തെരുവ് നായ്ക്കൾ താവളമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഭക്ഷണവുമായി എത്തുന്ന മൃഗ സ്നേഹികളുടെ എണ്ണം വർദ്ധിച്ചതോടെ മിക്കയിടങ്ങളിലും തെരുവ് നായ്ക്കളുടെ എണ്ണം കൂടിയിരിക്കുകയാണ്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് തെരുവുനായ്ക്കളുടെ അതിക്രമങ്ങൾ. വെളുപ്പിന് നടക്കാനും ഓടാനും പോകുന്നവർ, പത്ര വിതരണക്കാർ, ആരാധനാലയങ്ങളിൽ പോകുന്നവർ തുടങ്ങിവരെല്ലാം പൊറുതിമുട്ടുകയാണ്. വളർത്തുമൃഗങ്ങളെയും വീട്ടിൽ വളർത്തുന്ന നായ്ക്കളെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നതും പതിവാണ്. കഴിഞ്ഞ 6 മാസങ്ങൾക്കുള്ളിൽ നാല്പതോളം പേരാണ് മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.
കുറച്ചുനാൾക്ക് മുമ്പ് കളക്ടറേറ്റിലെ പരേഡ് മൈതാനത്ത് നടക്കാൻ എത്തിയ വിമുക്തഭടനെ തെരുവുനായ ആക്രമിച്ചിരുന്നു.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, തൃക്കാക്കര നഗരസഭാ ഓഫീസ്, വില്ലേജ് ഓഫീസുകൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാണ്. ഇൻഫോപാർക്ക്, ഓലിമുകൾ ജംഗ്ഷൻ, എൻ.ജി.ഒ ക്വാർട്ടേഴ്‌സ്, കുന്നുംപുറം, തൃക്കാക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കാക്കനാട് ജംഗ്ഷൻ തുടങ്ങി മിക്കയിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.
തെരുവുനായ ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുന്നതിനായി തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരണ കുത്തിവയ്പ്പും പേവിഷ പ്രതിരോധ കുത്തിവയ്പ്പും നടത്തിയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ മൂലം തുടരാൻ സാധിച്ചിട്ടില്ല. നടപടികൾ എത്രയും വേഗം പുനരാരംഭിക്കും.
രാധാമണിപിള്ള
ചെയർപേഴ്സൺ
തൃക്കാക്കര നഗരസഭ
തെരുവുനായ വിഷയത്തിൽ കളക്ടർക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകും.
കെ.എം. അബ്ബാസ്
ട്രാക്ക് വർക്കിംഗ് പ്രസിഡന്റ്