
കാലടി: കഴിഞ്ഞ 20 വർഷമായി യു.ഡി.എഫ് ഭരിക്കുന്ന ശ്രീമൂലനഗരം പഞ്ചായത്തിലെ പൊതുശ്മശാനം അറ്റകുറ്റപ്പണികൾ നടത്താതെ കാടുകയറിയ നിലയിൽ. പൊതുശ്മശാനത്തിന്റെ ശോചനീയാവസ്ഥ ഉൾപ്പെടെയുള്ള വികസന മുരടിപ്പുകൾക്ക് കാരണം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണെന്ന് എൽ.ഡി.എഫ്. ആരോപിച്ചു.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 10 സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. അനാഥ മൃതദേഹങ്ങൾ പ്രധാനമായും സംസ്‌കരിക്കുന്നത് പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ്. കുഴിച്ചിടാൻ മാത്രമാണ് ഇവിടെ സൗകര്യമുള്ളത്.
ഫണ്ട് വിനിയോഗത്തിൽ പരാജയം
പഞ്ചായത്തിന് അനുവദിച്ച ഫണ്ട് യഥാസമയം വിനിയോഗിക്കാതെ പദ്ധതി പണം നഷ്ടപ്പെടുത്തുന്നത് ഇവിടെ പതിവാണെന്ന് എൽ.ഡി.എഫ്. ചൂണ്ടിക്കാട്ടുന്നു. 2025 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ അനുവദിച്ച 15 കോടി രൂപയിൽ പകുതി പോലും ഇതുവരെ ചെലവഴിക്കാതെ ഫണ്ട് നഷ്ടപ്പെടുത്തി.
സംസ്ഥാന സർക്കാർ നൽകിയ ഫണ്ട് ഒരു വർഷം പോലും പൂർണ്ണമായി വിനിയോഗിക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിപ്പോലും കാടും പുല്ലും വെട്ടിമാറ്റാത്തതിനാൽ ശ്മശാനം പാമ്പുകൾ ഉൾപ്പെടെയുള്ള ക്ഷുദ്രജീവികളുടെ താവളമായി മാറിയതായി നാട്ടുകാർ പരാതിപ്പെട്ടു.
പട്ടിക വിഭാഗങ്ങൾക്കുള്ള ശ്മശാനവും അനാഥമായി
പഞ്ചായത്ത് അതിർത്തിയിലെ ജനസംഖ്യയിൽ 20 ശതമാനം പേർ പട്ടിക ജാതി വിഭാഗത്തിലുള്ള കുടുംബങ്ങളാണ്. എന്നാൽ ഇവർക്കായി ഒരു ശ്മശാനം നിർമ്മിക്കാൻ പഞ്ചായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്ക് മുൻപ് തെറ്റാലിയിൽ നിർമ്മിച്ച ശ്മശാനത്തിലാകട്ടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കഴിയുന്നില്ല.
17 ലക്ഷം രൂപ സർക്കാർ ഫണ്ട് ഉപയോഗിച്ച് മേൽക്കൂര നിർമ്മിച്ചെങ്കിലും ശവസംസ്‌കാരത്തിന് സൗകര്യമൊരുക്കാതെയും കുഴി പോലും വെട്ടാൻ കഴിയാത്ത രീതിയിലുമാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഈ സ്ഥലവും ഇപ്പോൾ കാടു കയറിയിരിക്കുകയാണ്.
എം.പി. അബു ,
ലോക്കൽ സെക്രട്ടറി,
സി.പി.എം ശ്രീമൂലനഗരം
2013 ൽ അൻവർ സാദത്ത് എം.എൽ. എ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥല പരിമിതിമൂലം കളക്ടർ അനുമതി നിഷേധിച്ചു. ഇപ്പോൾ നിർമ്മിച്ചിട്ടുള്ളത് ഷീറ്റ മേഞ്ഞ മേൽക്കുര മാത്രമാണ്. ബോഡി കുഴിച്ചിടുവാൻ മാത്രമേ ഈ ശ്മശാനത്തിൽ കഴിയും. അധുനിക ശ്മശാനം തന്നെ ശ്രീമൂലനഗരത്തിനു വേണം.
കെ..സി. മാർട്ടിൻ, യു.ഡി.എഫ്
മുൻ പഞ്ചായത്ത് പ്രസിഡന്റ് , ശ്രീമൂലനഗരം