കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലേക്ക് ആഡംബര ബൈക്ക് ഓടിച്ചുകയറ്റിയ കേസിൽ റെയിൽവേ പൊലീസ് തെരയുന്ന പ്രതി മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. വാഴക്കുളം പള്ളിപ്പുറം സ്വദേശി എം.എസ്. അജ്മലാണ് (35) എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
കഴിഞ്ഞ രണ്ടിന് പുലർച്ചെ 4.30 ഓടെയാണ് പ്ലാറ്റ്ഫോമിലേക്ക് ബി.എം.ഡബ്ളിയു ബൈക്ക് ഓടിച്ചുകയറ്റിയത്. ബൈക്ക് പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച ശേഷം ബാഗുമായി കടന്നു. ബൈക്ക് വൈറ്റിലയിലെ ഷോറൂമിൽ നിന്ന് വാടകയ്‌ക്ക് എടുത്തതാണെന്നും അജ്മൽ ലഹരിക്കടത്ത് കേസുകളിൽ പ്രതിയാണെന്നും കണ്ടെത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും.