a-grade
ഗോതുരുത്ത് വള്ളംകളിയിൽ എ ഗ്രേഡ് വിഭാഗം ഫൈനലിൽ നിന്ന്

പറവൂർ: പതിനാറ് ഇരുട്ടുകുത്തി വള്ളങ്ങൾ മത്സരിച്ച ഗോതുരുത്ത് വള്ളംകളിയിൽ ഗരുഡനും മടപ്ലാതുരുത്തും ജേതാക്കളായി. എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗണിന്റെ ഗരുഡൻ, ഒരുമനയൂർ വീരസേനാപതിയുടെ പുത്തൻപറമ്പിലിനെ പരാജയപ്പെടുത്തി. കെ.ബി.സി കുറുമ്പത്തുരുത്തിന്റെ സെന്റ് സെബാസ്റ്റ്യൻ രണ്ടാമനെ പിന്തള്ളിയാണ് ബി ഗ്രേഡ് ഫൈനലിൽ കെ.ബി.സി കൊറങ്കോട്ടയുടെ മടപ്ലാതുരുത്ത് കിരീടം നേടിയത്.

കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന്റെ ഭാഗമായി ഗോതുരുത്ത് സ്പോർട്‌സ് ആൻഡ് ആർട്സ് ക്ലബാണ് ജലമേള സംഘടിപ്പിച്ചത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് ബെഞ്ചമിൻ കളത്തിൽ അദ്ധ്യക്ഷനായി. കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. മൂത്തകുന്നം ഹിന്ദുമത ധർമ്മപരിപാലന സഭ പ്രസിഡന്റ് കെ.വി. അനന്തൻ പതാക ഉയർത്തി. ഇ.ടി. ടൈസൻ എം.എൽ.എ തുഴ കൈമാറി. ഹോളിക്രോസ് പള്ളി വികാരം ഫാ. ജോയ് തേലക്കാട്ട് ട്രാക്ക് ആശീർവദിച്ചു. ഹൈബി ഈഡൻ എം.പി ഫ്ളാഗ്ഓഫ് ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, മുത്തൂറ്റ് അസിസ്റ്റന്റ് ജനറൽ മാനേജർ കെ. രോഹിത് രാജ്, ഫാ. ജാക്‌സൻ വലിയപറമ്പിൽ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനക്കൽ തുടങ്ങിയവർ സംസാരിച്ചു. കൊച്ചിൻ കസ്റ്റംസ് കമ്മിഷണർ ഗുർകരൻ സിംഗ് ബെയ്ൻസ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് വോളിബാൾ അക്കാഡമി ടെക്നിക്കൽ ഡയറക്ടർ ബിജോയ് ബാബു എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.