കളമശേരി: ഫാക്ടിന്റെ അധീനതയിലുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് പുതിയ ടെൻഡർ വിളിച്ച് വാടക കുത്തനെ ഉയർത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. കമ്പനി വെബ് സൈറ്റിൽ കടകൾ, സ്റ്റാളുകൾ, എറണാകുളം ഗോഡൗൺ, ജെ.എൻ.എം ആശുപത്രി, ആശുപത്രി കോമ്പൗണ്ടിലുള്ള സി, ഡി ടൈപ്പ് ഫ്ളാറ്റുകൾ അടക്കം 83 എണ്ണമാണ് ടെൻഡർ ചെയ്തത്.
പുതിയ ടെൻഡർ മൂന്നു വർഷമാണ് ലൈസൻസ് കാലാവധി. മാനേജുമെന്റിന്റെ വിവേചനാധികാരത്തിന് വിധേയമായി ലൈസൻസ് ഫീസിൽ 15 ശതമാനം വർദ്ധനവോടെ 2 വർഷം കൂടി നീട്ടി ലഭിക്കാനുമിടയുണ്ട്. 18 ശതമാനം ജി എസ്. ടി യും വാട്ടർ ചാർജും നൽകണം. വൈദ്യുതി ചാർജ് കെ.എസ്.ഇ.ബി ക്ക് നൽകണം. ഘട്ടം ഘട്ടമായ വർദ്ധനയ്ക്ക് പകരം വാടകയിൽ 350 ശതമാനം ഒറ്റയടിക്ക് വർദ്ധിപ്പിച്ചുവെന്ന ആക്ഷേപവുമുണ്ട്.
ടെൻഡറിലെ തുക നൽകാൻ തയ്യാറായാൽ നിലവിലുള്ള വ്യാപാരികൾക്ക് തന്നെ കടമുറികൾ നൽകാമെന്നതാണ് ഫാക്ട് അധികൃതരുടെ നിലപാട്. കരാർ കാലാവധി കഴിഞ്ഞിട്ടും ആറുമാസം മുതൽ ഒരു വർഷം വരെ തുടരുന്നവരും വാടകയിൽ ലക്ഷങ്ങൾ കുടിശിക വരുത്തിയവരും ഉണ്ടെന്നും ഫാക്ട് അധികൃതർ പറയുന്നു. കുടിശികയുള്ളവർ അത് തീർത്താൽ മാത്രമേ ടെൻഡറിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ.
നിയമപ്രകാരം വർഷം തോറും കൂട്ടുന്ന ന്യായമായ വാടക നൽകാൻ ഞങ്ങൾ തയ്യാറാണ്. ചെറുകച്ചവടക്കാരാണ് ഞങ്ങൾ . നീതി കിട്ടണം. പുറത്തു പോകേണ്ടി വന്നാൽ വേറെ മാർഗ്ഗങ്ങളില്ല
എം.ബി.ഉണ്ണികൃഷ്ണൻ.
കമ്പനികൾ ഏറെയും പൂട്ടി. ക്വർട്ടേഴ്സുകളിൽ പകുതിയിലധികവും ഒഴിഞ്ഞ് കിടക്കുന്നു. കരാർ ജോലികളും നാമമാത്രമായി. കഷ്ടി വാടക കൊടുക്കാനുള്ള കച്ചവടമാണുള്ളത്. 55 വർഷമായി ഇവിടെ കട നടത്തുന്നു. പ്രായം 80 ആയി.
ബാലചന്ദ്രൻ .
വാടക 350 ശതമാനം വർദ്ധിപ്പിച്ചു. 18 ശതമാനം ജി. എസ്. ടി യും. അംഗീകരിക്കാനാവില്ല. വ്യാപാരികളെ വഴിയാധാരമാക്കിയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകും.
ഏലൂർ ഗോപിനാഥ് ,
വ്യാപാരി വ്യവസായി ഏകോപന സമിതി
ടാക്സി സ്റ്റാന്റിൽ 52 കാറുകൾ ഉണ്ടായിരുന്നു. ഇന്ന് 8 എണ്ണമായി ചുരുങ്ങി . ഓട്ടം കുറവാണ്. അപ്പോൾ കച്ചവടവും കുറവാകാനാണ് സാദ്ധ്യത.
ഡ്രൈവർ ജോസഫ്.
1960 ൽ കമ്പനിയുടെ നാഫ്ത ലീക്കായി തീപിടിത്തമുണ്ടായി. കത്തിനശിച്ച എട്ടോളം കടമുറികൾക്ക് പകരം അമോണിയ പ്ലാന്റിന് മുന്നിലുള്ള ഷോപ്പിംഗ് കോംപ്ളക്സിൽ ഫാക്ട് കടമുറികൾ നൽകി. എന്റെ കുടുംബവും ഫാക്ട് ഷോപ്പിംഗ് കോംപ്ളക്സിൽ ഹോട്ടൽ നടത്തിയിരുന്നു
മെക്കാർട്ടിൻ
ചലച്ചിത്ര സംവിധായകൻ