
കിഴക്കമ്പലം: കിഴക്കമ്പലം-പുക്കാട്ടുപടി റോഡിൽ പഴങ്ങനാട് ഭാഗത്ത് അപകടങ്ങൾ വർദ്ധിക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലായി ഈ ഭാഗത്ത് രണ്ട് അപകടങ്ങളാണുണ്ടായത്. ശനിയാഴ്ച ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണ്.
റോഡ് ബി.എം., ബി.സി. നിലവാരത്തിൽ ടാറിംഗ് പൂർത്തിയായതോടെ വാഹനങ്ങൾ അമിത വേഗതയിലാണ് എത്തുന്നത്. എന്നാൽ, റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്.
ആശുപത്രി കവാടവും അപകടമേഖലയും
തിരക്കേറിയ ഭാഗത്താണ് പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന റോഡുള്ളത്. ആശുപത്രിയിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നു. റോഡിന്റെ രൂപകല്പനയാണ് അപകടത്തിന് കാരണം. ആശുപത്രിയിൽ നിന്ന് കടന്നുവരുന്ന വാഹനങ്ങൾക്ക് റോഡിന്റെ മദ്ധ്യത്തിൽ എത്തിയാൽ മാത്രമേ ഇടതുവശത്ത് നിന്ന് വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെടുകയുള്ളൂ. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. ഇവിടെത്തന്നെ ബസ് സ്റ്റോപ്പും ഉള്ളതിനാൽ കൂടുതൽ വാഹനങ്ങൾ ഇടതുവശം ചേർന്നാണ് പോകുന്നത്. വലതുവശം ചേർന്ന് വരുന്ന വാഹനങ്ങൾ ബസ് സ്റ്റോപ്പ് കാരണം വീണ്ടും ഇടതുവശത്തേക്ക് മാറിയെടുക്കുമ്പോൾ ഗതാഗതക്കുരുക്കും അപകടസാധ്യതയും കൂടുന്നു. ആംബുലൻസ് ഉൾപ്പെടെ നിരന്തരം കടന്നു വരുന്ന ഈ റോഡിൽ ട്രാഫിക് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൈയേറ്റം ഒഴിപ്പിച്ച് റോഡ് വികസിപ്പിക്കണം
പ്രദേശത്ത് വ്യാപകമായ കൈയേറ്റവും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡിന് വീതി കൂട്ടി ട്രാഫിക് സംവിധാനം ഏർപ്പെടുത്തിയാൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും, വലിയ ദുരന്തങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.