പറവൂർ/ചോറ്റാനിക്കര: ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള തിരക്കേറി. ഇന്ന് വൈകിട്ടാണ് പൂജവയ്പ്. പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, ആയുധങ്ങൾ എന്നിവയാണ് ഭക്തർ പൂജവയ്ക്കുന്നത്. ഒക്ടോബർ രണ്ടിന് വിദ്യാരംഭ ദിനത്തിൽ പൂജയെടുപ്പ് ചടങ്ങുകളും വിദ്യാരംഭവും നടക്കും.

പറവൂർ ദക്ഷിണമൂകാംബിയിൽ ഇന്ന് വൈകിട്ട് ക്ഷേത്രം തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി കെ.ബി. അജിത്ത്കുമാറിന്റെയും മുഖ്യകാർമ്മികത്വത്തിൽ ദുർഗാപൂജയ്ക്ക് ശേഷം നാലമ്പലത്തിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് പൂജവയ്പ്. വൈകിട്ട് നടതുറന്നതിനു ശേഷമുള്ള പൂജ കഴിഞ്ഞാൽ പൂജയ്ക്കുവയ്ക്കുന്ന പുസ്തകങ്ങളും മറ്റും പ്രത്യേക കൗണ്ടറിൽ സ്വീകരിച്ചു തുടങ്ങും. രാത്രി നടയടയ്ക്കും വരെ തുടരും.

നാളെ ദുർഗ്ഗാഷ്ടമിയും ഒക്ടോബർ ഒന്നിന് മഹാനവമിയും. രണ്ടിന് വിജയദശമി നാളിൽ പൂജയെടുപ്പും വിദ്യാരംഭവും. നവരാത്രി സംഗീതമണ്ഡപത്തിൽ രണ്ട് വരെ രാവിലെ ഏട്ട് മുതൽ രാത്രി പത്ത് വരെ സംഗീതാർച്ചനയും വിവിധ കലാപരിപാടികളും നടക്കും. ഇവിടെ ഇരുപത് ഗുരുക്കന്മാരാണ് കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുന്നത്. നാലമ്പലത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് വിദ്യാരംഭം.

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് ആറിനാണ് പൂജവയ്പ്. ക്ഷേത്രം തന്ത്രി കാർമികത്വം വഹിക്കും. പ്രശസ്ത സിനിമാതാരം ആശാ ശരത്തിന്റെ ആശ നടനം ഇതിനു ശേഷം വൈകിട്ട് ആറിന് നടക്കും.

ദുർഗാഷ്ടമി ദിവസമായ 30ന് രാവിലെ 9 ന് നടൻ ജയറാമിന്റെ നേതൃത്വത്തിൽ 151 വാദ്യകലാകാരൻമാർ പങ്കെടുക്കുന്ന പവിഴമല്ലിത്തറമേളവും പിന്നീട് ഏലൂർ ബിജുവിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം കലാകാരന്മാർ അണിനിരക്കുന്ന സോപാനസംഗീതവും നടക്കും.

ഒക്ടോബർ ഒന്നിന് മഹാനവമി ദിനത്തിൽ രാവിലെ 9ന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടു കൂടി ശീവേലിയും, രാത്രി 8.30ന് ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തോടു കൂടി വിളക്കിനെഴുന്നെള്ളിപ്പും നടക്കും. വിജയദശമി ദിനമായ രണ്ടിന് രാവിലെ 8.30നാണ് പൂജയെടുപ്പും വിദ്യാരംഭവും.